മുയിപ്പോത്ത് യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; ബീഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍


മേപ്പയൂര്‍: മുയിപ്പോത്ത് കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന ബീഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍. മുയിപ്പോത്ത് വാടകക്ക് താമസിക്കുന്ന മുഹമ്മദ് ബാബര്‍ അലി (29) ആണ് പോലീസിന്റെ പിടിയിലായത്. പ്രദേശത്തെ തെങ്ങുകയറ്റ തൊഴിലാളിയായ ഇയാളില്‍ നിന്ന് 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. സ്‌കൂളിനടുത്തു തന്നെ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ ഇടയില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും സജീവമായതില്‍ നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു. ഇയാളുടെ കൈവശം കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി.ലതീഷിന്റെ കീഴിലെ ലഹരി വിരുദ്ധ സ്‌ക്വാഡും ജില്ലാ നാര്‍ക്കോട്ടിക് ടീമും മേപ്പയ്യൂര്‍ എസ്.ഐ വിനീത് വിജയന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടിയത്.

പ്രതിക്കെതിരെ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. ലഹരി വില്‍പനക്കാരെപ്പറ്റി വിവരങ്ങള്‍ ലഹരി വിരുദ്ധ സ്‌ക്വാഡുകള്‍ക്ക് കൈമാറണമെന്നും ലഹരി വില്‍പ്പനക്കാര്‍ക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി അറിയിച്ചു.