താമരശ്ശേരിയിൽ യുവാവിനെ കത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ


താമരശ്ശേരി: താമരശ്ശേരി ചുടലമുക്കിൽ സംസ്ഥാനപാതയിൽ യുവാവിനെ കത്തികൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിച്ചു സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൂടത്തായിക്ക്‌ സമീപം വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം മൊറയൂർ വാളപ്ര സ്വദേശി മുനീറി(39)നെയാണ് താമരശ്ശേരി പോലീസ്‌ അറസ്റ്റുചെയ്തത്. മലപ്പുറം മമ്പാട് താഴെപറമ്പൻ വീട്ടിൽ ഹാരിസി(41)നെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.   

വെള്ളിയാഴ്ച അർധരാത്രിയോടെ ചുടലമുക്കിലായായിരുന്നു സംഭവം. ബന്ധുവിനെ തട്ടിക്കൊണ്ടുപോയത് ചോദിക്കാൻ വന്നതാണെന്ന ധാരണയിൽ മുനീർ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് അബ്ദുൾ ഗഫൂർ നൽകിയ പരാതിയിൽ പറയുന്നത്.

മാസങ്ങൾക്കുമുമ്പ് വീടുവിട്ടിറങ്ങിയ അബ്ദുൾ ഗഫൂറിന്റെ ബന്ധുവും മൂന്നു കുട്ടികളുടെ ഉമ്മയുമായ യുവതി മുനീറിനൊപ്പമാണ് താമസിച്ചുവരുന്നത്. മുനീറിന്റെയും അബ്ദുൾ ഗഫൂറിന്റെയും അടുത്തബന്ധുവും ഭർതൃമതിയായ മറ്റൊരു യുവതിയും മൂന്നുദിവസംമുമ്പ് വീടുവിട്ടിറങ്ങിയിരുന്നു. ഒരു കുഞ്ഞിന്റെ ഉമ്മയായ ഈ യുവതിയെ മുനീറിന്റെ സഹായത്തോടെയാണ് ആൺസുഹൃത്ത് ബെംഗളൂരുവിലേക്ക് കൊണ്ടുപോയതെന്നു കാണിച്ച് ബന്ധുക്കൾ അരീക്കോട് പോലീസിനെ സമീപിച്ചിരുന്നു.   

മുനീർ താമരശ്ശേരി ഭാഗത്ത് താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച അബ്ദുൾ ഗഫൂറും ഹാരിസും സുഹൃത്തായ ഹസ്സനുംകൂടി ജീപ്പിൽ ഈങ്ങാപ്പുഴ, അടിവാരം, താമരശ്ശേരി ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങിപ്പോകുന്ന വഴി ചുടലമുക്കിലെത്തിയപ്പോൾ മുനീറിനെ കാണുകയായിരുന്നു. ഇവിടെ വച്ചാണ് മുനീർ ഹാരിസിനെ ആക്രമിക്കുന്നത്.   

കുത്തേറ്റ ഹാരിസ് സമീപത്തെ തോട്ടിലേക്ക് എടുത്തുചാടിയാണ് രക്ഷപ്പെട്ടത്. കൈയ്ക്കുൾപ്പെടെ ആഴത്തിൽ മുറിവേറ്റ ഹാരിസിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക്‌ വിധേയനാക്കി.

അതേസമയം ജീപ്പിലെത്തിയവർ തന്നെ ആക്രമിക്കാനൊരുങ്ങിയപ്പോഴാണ് കത്തികൊണ്ട് കുത്തിയതെന്നാണ് മുനീർ പോലീസിന് നൽകിയ മൊഴി.