പയ്യോളിയിലെ ബാറിന് സമീപത്ത് ദേശീയപാതയ്ക്കരികിലൂടെ കടന്നുപോകുകയായിരുന്ന യുവാവിനെ ബാര്‍ ജീവനക്കാര്‍ ക്രൂരമായി ആക്രമിച്ചു; ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് തലയ്ക്കും ദേഹത്തും പരിക്കേല്‍പ്പിച്ചെന്ന് ഇരിങ്ങല്‍ സ്വദേശിയുടെ പരാതി


പയ്യോളി: പയ്യോളി തീര്‍ത്ഥ ഇന്റര്‍നാഷണലിന്റെ ഭാഗമായ ബാറിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി യുവാവിന്റെ പരാതി. ഇരിങ്ങല്‍ സ്വദേശിയായ ദിബിന്‍ (21) നെയാണ് ബാര്‍ ജീവനക്കാര്‍ അകാരണമായി ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ രാത്രി 10.30ഓടെ തീര്‍ത്ഥ ബാറിന് സമീപത്തായി ദേശീയപാതയ്ക്ക് അരികില്‍വെച്ചായിരുന്നു സംഭവം.

ബൈക്കില്‍ പെട്രോള്‍ അടിച്ചശേഷം എ.ടി.എമ്മില്‍ നിന്നും പണമെടുക്കാനായി പയ്യോളി ഭാഗത്തേക്ക് പോകവെ ബാറിന് സമീപത്തുവെച്ച് കല്ലേറിയുന്നതും സംഘര്‍ഷവും ശ്രദ്ധയില്‍പ്പെട്ട് ബൈക്ക് റോഡരികിലേക്ക് മാറ്റി സമീപത്തെ വീടിന്റെ ഗേറ്റിന് അരികില്‍ സുരക്ഷിതമായി നിന്ന തന്നെ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്ന് ദിബിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബാറിലെ ജീവനക്കാരാണ് ഇവര്‍. താന്‍ ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഇവര്‍ ബാറിനുള്ളില്‍വെച്ച് ഹോക്കി സ്റ്റിക്കുകൊണ്ട് ചിലരെ മര്‍ദ്ദിക്കുന്നത് കണ്ടിരുന്നു. ഇവര്‍ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരുടെ കൂട്ടത്തിലുള്ള ആളാണെന്ന് കണ്ടാണ് തന്നെ ആക്രമിച്ചതെന്നാണ് ജീവനക്കാര്‍ പിന്നീട് പറഞ്ഞതെന്നും ദിബിന്‍ വ്യക്തമാക്കി.

ബാര്‍ ജീവനക്കാരനായ ആള്‍ ആദ്യം ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തലപൊട്ടി രക്തം വന്നു. പിന്നീട് കുനിഞ്ഞുനിന്നതിനാല്‍ പുറത്താണ് അടി കിട്ടിയത്. എന്തിനാണ് അടിക്കുന്നതെന്നും താനൊന്നും ചെയ്തില്ലെന്നും കേണുപറഞ്ഞെങ്കിലും ഉപദ്രവം നിര്‍ത്തിയില്ല. പിന്നീട് തന്റെ സുഹൃത്തുക്കളെത്തിയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിന്നും ചികിത്സയ്ക്കുശേഷം പയ്യോളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Summary: A young man was brutally assaulted by bar staff while passing by the national highway near a bar in Payyoli