ഇന്‍സ്റ്റഗ്രാംവഴി അശ്ലീല സന്ദേശം; മുഖം മറച്ച് യുവതിയുടെ വീട്ടിലെത്തി നഗ്നതാ പ്രദര്‍ശനം, യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി താമരശ്ശേരിയായ യുവതിയ്ക്ക് അശ്ലീല സന്ദേശം അയക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പെരുമ്പള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്.
പകല്‍സമയത്ത് മുഖം മറച്ച് വിട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. യുവതി ബഹളംവെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. നേരത്തെയും ഇയാളില്‍നിന്ന് യുവതി അതിക്രമം നേരിട്ടിരുന്നെന്ന് യുവതി പരാതിപ്പെട്ടു.
യുവതിയുടെ മോര്‍ഫ് ചെയ്ത വിഡിയോകളും ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി അയച്ചു കൊടുത്തെന്നും പരാതിയില്‍ പറയുന്നു.ശല്യം പതിവായതോടെ യുവതി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.