‘മോളേ ഈ വള ഞാൻ എടുക്കുകയാണ്, വിൽക്കാൻവേണ്ടിയാണ്’; താമരശ്ശേരിയിൽ മദ്രസയിൽ നിന്ന് മടങ്ങുന്ന വിദ്യാർത്ഥിനിയുടെ വള കവർന്ന് യുവാവ്
താമരശ്ശേരി: പുതുപ്പാടി പെരുമ്പള്ളിയിൽ ബൈക്കിലെത്തിയ മോഷ്ടാവ് ആറുവയസ്സുകാരിയുടെ സ്വർണവള മുറിച്ചെടുത്ത് കടന്നുകളഞ്ഞു. പെരുമ്പള്ളി പണ്ടാരപ്പെട്ടി ശിഹാബുദ്ദീന്റെ മകൾ ആയിഷയുടെ മുക്കാൽപ്പവൻ തൂക്കംവരുന്ന വളയാണ് മോഷണം പോയത്. മദ്രസയിൽ പോയി തിരികെ വീട്ടിലേക്ക് വരുന്നതിനിടയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ചമൽ റോഡിലേക്കുള്ള ഭാഗത്തെ വളവിൽ അങ്കണവാടിക്കരികിൽവെച്ച് ബൈക്കിലെത്തിയ യുവാവ് കുട്ടിയെ സമീപിക്കുകയായിരുന്നു. ‘മോളേ ഈ വള ഞാൻ എടുക്കുകയാണ്. വിൽക്കാൻവേണ്ടിയാണ്’ എന്നുപറഞ്ഞാണ് യുവാവ് സമീപിച്ചതെന്ന് ആയിഷ രക്ഷിതാക്കളോട് പറഞ്ഞു. കൈയിൽപ്പിടിച്ച് ആദ്യം വള ഊരിയെടുക്കാൻ ശ്രമിച്ചു. വള ഊരാൻ സാധിക്കാതെ വന്നതോടെ പിന്നീട് കത്രികപോലുള്ള ആയുധമുപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. ഈ സമയം മദ്രസയിൽനിന്ന് മടങ്ങുകയായിരുന്ന മറ്റു കുട്ടികളും പരിസരത്തുണ്ടായിരുന്നു.
ബാലിക വീട്ടിലെത്തി “ഒരു ഇക്കാക്ക വന്ന് വള വിൽക്കാൻ കൊണ്ടുപോയി” എന്ന് അറിയിച്ചതോടെയാണ് വീട്ടുകാർ കാര്യമറിഞ്ഞത്. ഇരുനിറത്തിൽ തടിച്ച ശരീരപ്രകൃതിയുള്ള യുവാവ് ഹെൽമെറ്റിന്റെ ഗ്ലാസ് ഉയർത്തിയാണ് ബാലികയോട് സംസാരിച്ചത്. തുടർന്ന് പോലീസിൽ പരാതിനൽകുകയായിരുന്നു. രക്ഷിതാവിന്റെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Summary: A young man stole the bangle of a female student returning from madrasa in Thamarassery