ആന്ധ്രയില്‍ നിന്നു കോഴിക്കോട്ടേയ്ക്ക് ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 42 കിലോ കഞ്ചാവുമായി കല്‍പ്പത്തൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ആന്ധ്രയില്‍ നിന്നു കോഴിക്കോട്ടെത്തിയ ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 42 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. നൊച്ചാട് കല്‍പത്തൂര്‍ കൂരാന്‍ തറമ്മല്‍ രാജേഷിനെ (48) ആണ് എക്സൈസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്നു മലാപ്പറമ്പ് ജംക്ഷനു സമീപം ലോറി തടയുകയായിരുന്നു. ചരക്കില്ലാത്ത ലോറിയില്‍ ടാര്‍പോളിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തുടര്‍ന്ന് ഡ്രൈവര്‍ രാജേഷിനെ ലോറി സഹിതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോറിയില്‍ നിന്ന് രണ്ടു കിലോ വീതം കഞ്ചാവ് നിറച്ച 21 കവര്‍ കണ്ടെടുത്തു. ഡ്രൈവറുടെ ഫോണ്‍ പരിശോധിച്ചതില്‍ കഞ്ചാവ് ആന്ധ്രയില്‍ നിന്നാണു കൊണ്ടു വരുന്നതെന്നു എക്‌സൈസിനു വ്യക്തമായി. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 21 ലക്ഷം രൂപയിലധികം വില വരുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എന്‍ റിമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രിവന്റീവ് ഓഫിസര്‍മാരായ യു.പി മനോജ് കുമാര്‍, പി.കെ അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എന്‍.എസ് സന്ദീപ്, പി.പി ജിത്തു, പി വിപിന്‍, മുഹമ്മദ് അബ്ദുല്‍ റഊഫ് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.