കോഴിക്കോട് ഉൾപ്പടെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ വിശ്രമമുറികളിൽ നിന്ന് മൊബൈൽ ഫോൺ മോഷണം; മലപ്പുറം സ്വദേശികളായ യുവാവും യുവതിയും പിടിയിൽ
കൊച്ചി: റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നിന്ന് മൊബൈൽഫോൺ മോഷ്ടിക്കുന്ന യുവാവും യുവതിയും പിടിയിൽ. മലപ്പുറം സ്വദേശികളായ ജിഗ്നേഷ്, സോന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളത്ത് വെച്ചാണ് ഇരുവരും പോലിസ് പിടിയിലാകുന്നത്.
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലേയും വിശ്രമമുറികളിൽ നിന്നും ഇവർ മൊബൈൽഫോൺ മോഷ്ടിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിലാണ് ഇവർ മോഷണത്തിനിറങ്ങുക. റെയിൽവേ സ്റ്റേഷനിൽ നിന്ന് മൊബൈൽ ഫോൺ മോഷണം പോയതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിന്റെയിടയിലാണ് പ്രതികൾ പിടിയിലായത്. ഏകദേശം ഒരു ലക്ഷത്തിലധികം രൂപ വീതം വില വരുന്ന രണ്ട് മൊബൈൽ ഫോണുകൾ പ്രതികളിൽ നിന്നും പിടിച്ചെടുത്തു.