ഒടുവില്‍ കാട്ടുപന്നി കടലിലുമെത്തി; അയനിക്കാട് കടലില്‍ നീന്തിയെത്തിയ കാട്ടുപന്നി കല്ലുകള്‍ക്കിടയില്‍ കുടുങ്ങി


പയ്യോളി: നാട്ടിലിറങ്ങി പറമ്പിലെ കൃഷിമുഴുവന്‍ നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നിയുടെ വാര്‍ത്ത അടുത്തിടെയായി നിത്യേനയെന്നോണം നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാലിപ്പോള്‍ കാട്ടുപന്നി കടലിലുമെത്തിയിരിക്കുകയാണ്. പയ്യോളി അയനിക്കാട് തീരത്താണ് കാട്ടുപന്നിയെ കണ്ടത്.

കടലില്‍ നീന്തിത്തളര്‍ന്ന് അവശനിലയിലായ കാട്ടുപന്നി കടല്‍ഭിത്തിയിലെ കല്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കാട്ടുപന്നി നീന്തിവരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മണല്‍ത്തിട്ട ഇല്ലാത്തതിനാല്‍ കടല്‍ഭിത്തിയുടെ കല്ലുകള്‍ക്കിടയിലേക്കാണ് നീന്തിക്കയറിയത്.

മത്സ്യത്തൊഴിലാളിയായ തൈവളപ്പില്‍ ടി.വി.കൃഷ്ണനാണ് കാട്ടുപന്നിയെ ആദ്യം കണ്ടത്. ആളുകള്‍ കൂടിയതോടെ ആദ്യം ഉണ്ടായിരുന്നിടത്ത് നിന്ന് അല്‍പം ദൂരം ഓടി പന്നി കല്ലുകള്‍ക്കിടയില്‍ തന്നെ വീണ്ടും വീണ് കുടുങ്ങിക്കിടന്നു. വിവരമറിഞ്ഞെത്തിയ നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു വനം വകുപ്പ് ഉദ്യോഗസ്ഥരെയും നഗരസഭാ സെക്രട്ടറിയെയും അറിയിച്ചു. തുടര്‍ന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി.പ്രജീഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് അസിസ്റ്റന്റ് സി.അനൂപ് എന്നിവര്‍ സ്ഥലത്തെത്തി.

പന്നി അവശനിലയിലായതിനാല്‍ നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വനം വകുപ്പുമായി ബന്ധപ്പെട്ട്, പിടികൂടി വനത്തില്‍ എത്തിക്കാനാണ് ആലോചിക്കുന്നതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Summary: A wild boar that swam in the Ayanikad sea got stuck between stones