”നമ്മുടെ മലനോക്ക്, സുന്ദരിയായ പെണ്ണിന്റെ മുഖത്ത് ചൂടുവെള്ളം ഒഴിച്ചതുപോലുള്ള അവസ്ഥയാ” ദേശീയപാത വികസനം കൊയിലാണ്ടിയിലെ പരിസ്ഥിതിയ്ക്കുണ്ടാക്കിയ കോട്ടം തുറന്നുകാട്ടുന്ന വീഡിയോ വൈറലാവുന്നു


കൊയിലാണ്ടി: ദേശീയപാത വികസനം കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കിടെ കൊയിലാണ്ടി പയ്യോളി മേഖലയില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. മിക്ക സ്ഥലങ്ങളും നമുക്ക് പരിചിതമാക്കിയ പഴയ അടങ്ങളെല്ലാം മായ്ക്കപ്പെട്ടു, ചില സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ ബോര്‍ഡുകളുടെ ആവശ്യം നിര്‍ബന്ധമായ അവസ്ഥ. ഇത് മാത്രമല്ല, ദേശീയപാതയ്ക്കുവേണ്ടിയുള്ള മണ്ണെടുപ്പും മറ്റും കൊയിലാണ്ടിയുടെ മുഖം തന്നെ മാറ്റിയെന്ന് കാണിക്കുകയാണ് കൊയിലാണ്ടിയിലെ ആംബുലന്‍സ് ഡ്രൈവര്‍ റിയാസ് തയ്യാറാക്കിയ വീഡിയോയിലൂടെ.

മുത്താമ്പി പുഴയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ പുഴയ്ക്കപ്പുറം പച്ചപിടിച്ച് സുന്ദരമായി കിടന്ന പെരുവട്ടൂര്‍ കോട്ടക്കുന്ന് മല, ഈ അടുത്തെങ്ങാന്‍ ആ കാഴ്ച കണ്ടിട്ടുണ്ടോ, ഇനി ആ മനോഹരമായ കാഴ്ചയില്ല. ആ പച്ചപ്പില്‍ വിള്ളല്‍ വീണുകിടക്കുന്നു. ഒരു ഭാഗം മണ്ണ് തുരന്നെടുത്ത നിലയിലാണ്. ഭാവിയില്‍ ഇത് പ്രദേശത്തുണ്ടാക്കാന്‍ സാധ്യതയുള്ള കുടിവെള്ള പ്രശ്‌നമടക്കം വീഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്.

രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചതും എഡിറ്റ് ചെയ്തതുമെല്ലാം റിയാസ് തന്നെയാണ്. നൗഫല്‍ നടേരിക്കടവ്, ഷിജു പുലരി, ജിനീഷ് എന്നിവരാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. കൊയിലാണ്ടിയിലെ മാറ്റങ്ങള്‍ കണ്ടപ്പോള്‍ തങ്ങളുടെ മനസിലുണ്ടായ ആശങ്ക ഹ്രസ്വ വീഡിയോ രൂപത്തില്‍ ചിത്രീകരിക്കുകയാണ് ചെയ്തതെന്ന് റിയാസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തങ്ങള്‍ വികസനത്തിന് എതിരല്ലെന്നും എന്നാല്‍ പരിസ്ഥിതിയെക്കൂടി പരിഗണിച്ചുള്ള വികസനമാണ് നമുക്ക് വേണ്ടതെന്നുമാണ് ഇവര്‍ പറഞ്ഞുവെക്കുന്നത്.

സമാനമായ ആശങ്കകള്‍ നിരവധി പേര്‍ വീഡിയോയ്ക്ക് കീഴില്‍ കമന്റുകളായി പങ്കുവെക്കുന്നുമുണ്ട്.