കോഴിക്കോട് ബീച്ചില്‍ റീല്‍സ് ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര സ്വദേശി മരിച്ച സംഭവം; അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി അറസ്റ്റില്‍, ലൈസന്‍സ് റദ്ദാക്കും


കോഴിക്കോട്: പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് ഇരുപതുകാരന്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അപകടമുണ്ടാക്കിയ ബെന്‍സ് കാര്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാനാണ് അറസ്റ്റിലായത്. സാബിദിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. വാഹനത്തിന്റെ ആര്‍സി റദ്ദാക്കാനും നിര്‍ദേശം നല്‍കി.

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഇടിച്ചാണ് അപകടം എന്നാണ് വാഹനമോടിച്ചവര്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. ആല്‍വിന്റെ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇടിച്ച വാഹനം പൊലീസ് കണ്ടെത്തിയത്. ഈ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും തുടര്‍നടപടിക്കായി മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലീസ് പറഞ്ഞു. തെലങ്കാന രജിസ്‌ട്രേഷന്‍ വണ്ടിയാണിത്.

ബീച്ച് റോഡില്‍ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി ആല്‍വിന്‍ (20) മരിച്ചത്. കാറുകള്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാന്‍, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടു കാറുകള്‍ സമാന്തരമായി അതിവേഗത്തില്‍ എത്തുന്ന രംഗം റോഡിന്റെ മധ്യഭാഗത്തു നിന്ന് ആല്‍വിന്‍ ചിത്രീകരിക്കുകയായിരുന്നു. കാറുകള്‍ ആല്‍വിന്റെ തൊട്ടു മുന്നില്‍ എത്തുമ്പോള്‍ നിര്‍ത്താനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ കാറുകളുടെ അതിവേഗം കണ്ട ആല്‍വിന്‍ റോഡിന്റെ വശത്തേക്കു മാറുമ്പോള്‍ ഇടിക്കുകയായിരുന്നു. കാര്‍ ആക്‌സസറീസ് സ്ഥാപനത്തിന്റെ പ്രമോഷന്‍ റീല്‍സ് ആണു ചിത്രീകരിച്ചത്.

ഗള്‍ഫില്‍ ബന്ധുവിന്റെ സ്ഥാപനത്തില്‍ വിഡിയോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ആല്‍വിന്‍. രണ്ടു വര്‍ഷം മുന്‍പു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് നാട്ടിലെത്തിയത്. നേരത്തെ ഇതേ സ്ഥാപനത്തിന്റെ റീല്‍സ് ചെയ്തിട്ടുള്ളതിനാല്‍ നാട്ടിലെത്തിയപ്പോള്‍ അവര്‍ വീണ്ടും വിളിക്കുകയായിരുന്നു.

Summary: A Vadakara native died after being hit by a car while filming a reel on Kozhikode beach driver arrested