കോഴിക്കോട്-ബാലുശ്ശേരി പാതയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മീതെ മരം വീണ് യാത്രക്കാരന് പരിക്ക്
നന്മണ്ട: ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിനുമീതെ ചീനിമരംവീണ് സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. കുറ്റിച്ചിറ സ്വദേശി മേലിവീട് അഷറഫിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കോഴിക്കോട്-ബാലുശ്ശേരി പാതയിലെ ബ്രഹ്മകുളത്ത് വച്ചായിരുന്നു സംഭവം.
പരിക്കേറ്റ അഷ്റഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്-ബാലുശ്ശേരി പാതയിലെ ബ്രഹ്മകുളത്ത് ചീനിമരം കടപുഴകി സ്കൂട്ടറിന് മീതെ വീഴുകയായിരുന്നു. സ്കൂട്ടര്‍ പകുതിഭാഗം കടന്നുപോയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബാലുശ്ശേരി ഭാഗത്തേയ്ക്ക് വരികയായിരുന്നു അഷ്റഫ്.
സംഭവത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് ഈ റൂട്ടിലുള്ള ഗതാഗതം നരിക്കുനി റോഡ് വഴി തിരിച്ചുവിട്ടു. നരിക്കുനിയില്‍നിന്നും സീനിയര്‍ ഫയര്‍ ഓഫീസര്‍ സജി ചാക്കോയുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി റോഡില്‍ വീണ മരം മുറിച്ചുമാറ്റിയതിനുശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.