‘കൈപ്പോരു’മായി ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് മുചുകുന്ന് കോളേജിലെ വിദ്യാര്‍ഥിനി; കളരിപ്പയറ്റില്‍ മത്സരിക്കാന്‍ ഷെഫിലി ഷിഫാത്


കൊയിലാണ്ടി: 37ാമത് ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് കൊയിലാണ്ടി മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം കോളേജിലെ വിദ്യാര്‍ഥിനി. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ വില്ല്യാപ്പള്ളി സ്വദേശിനി ഷെഫിലി ഷിഫാത് ആണ് മത്സരിക്കുന്നത്. കൈപ്പോര് വിഭാഗത്തിലാണ് ഷെഫിലി മത്സരിക്കുന്നത്. നാളെയാണ് മത്സരം

ജില്ലാ തലത്തില്‍ വിജയിച്ച് കോഴിക്കോട് ജില്ലാ കളരി അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ഷെഫിലി സംസ്ഥാനതലത്തില്‍ മത്സരിച്ചത്. വില്ല്യാപ്പള്ളി മയ്യന്നൂര്‍ ചെത്തില്‍ വീട്ടില്‍ സുബൈറിന്റെയും സഫീറയുടെയും മകളാണ്.

ആറ് വയസുമുതല്‍ വില്ല്യാപ്പള്ളി ചൂരക്കൊടി കളരിസംഘത്തില്‍ അഷ്‌റഫ് ഗുരുക്കളുടെയും കുഞ്ഞിമൂസ ഗുരുക്കളുടെയും ശിക്ഷണത്തില്‍ കളരി അഭ്യസിക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ നേരത്തെ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് വിജയം കൈവരിച്ചിട്ടുണ്ട്.