കുറുവങ്ങാട് ബൈക്കില്‍ സ്‌കൂട്ടി ഇടിച്ച് കണയങ്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; സ്‌കൂട്ടി ഓടിച്ച യുവാക്കളുടെ പക്കല്‍ നിന്നും ഹാഷിഷ് കണ്ടെത്തിയതോടെ ട്വിസ്റ്റ്
കൊയിലാണ്ടി: കുറുവങ്ങാടുണ്ടായ ബൈക്ക് അപകടത്തില്‍ കണയങ്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടി ആര്‍എസ്എം എസ്എന്‍ഡിപി കോളേജിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി കുട്ടോത്ത്മീത്തല്‍ അലൂഷ്യസ് ബി.എസ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4.30ഓടെയായിരുന്നു അപകടം. ബൈക്കില്‍ വീട്ടിലേക്ക് പോകവെ അതേ ദിശയില്‍ വന്ന സ്‌കൂട്ടി പിന്നില്‍ ഇടിച്ച് അല്യൂഷ്യൂസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആഷിക്ക് (27, ഷാജഹാന്‍ (20), മന്‍സൂര്‍ (28) എന്നിവരായിരുന്നു സ്‌കൂട്ടിയില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടിയില്‍ സഞ്ചരിച്ച യുവാക്കളില്‍ നിന്നും ചെറിയ അളവില്‍ ഹാഷിഷ് പോലീസ് കണ്ടെത്തുകയും ഷാജഹാന്‍, ആഷിക്ക് എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കണ്ടെത്തിയ ഹാഷിഷ് യുവാക്കള്‍ ഉപയോഗിച്ച ശേഷമുള്ളതാണെന്ന് പോലീസ് പറഞ്ഞു.
അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്നും മന്‍സൂര്‍ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഓടുന്നതിനിടെ റോഡരികില്‍ വീണ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രയില്‍ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാഹനം ഓടിച്ചിരുന്നത് മന്‍സൂര്‍ ആണെന്നാണ് ഷാജഹാനും ആഷിക്കും പറയുന്നത്.