മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ ആറാം നാളിലേയ്ക്ക്; തിരച്ചിലിനായി അറുപത് അംഗ സൈന്യം ഇന്നെത്തും
അങ്കോല: ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനായി സൈന്യം ഇന്നെത്തും. തിരച്ചില്‍ ആറാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. സൈന്യത്തിന്റെ അറുപതംഗ സംഘമാണ് ബെലഗാവിയില്‍നിന്ന് ദുരന്തസ്ഥലത്തേക്ക് എത്തുന്നത്.
സൈന്യം ഒന്‍പതരയോടെ ഇവര്‍ സ്ഥലത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സംതൃപ്തരല്ലെന്നും സൈന്യം വരണമെന്നും അര്‍ജുന്റെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കനത്തമഴയെ തുടര്‍ന്ന് ഇന്നലെ രാത്രി പത്തുമണി വരെ തുടരേണ്ടിയിരുന്ന തിരച്ചില്‍ രാത്രി എട്ടരയോടെ നിര്‍ത്തിവെക്കുകയായിരുന്നു.
കര്‍ണാടക എസ്.ഡി.ആര്‍.എഫിന്റെ സംഘം, കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, അര്‍ജുന്റെ ബന്ധു ജിതിന്‍ തുടങ്ങിയവര്‍ അപകടസ്ഥലത്തേക്ക് തിരച്ചിലിനായി പുറപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം നടത്തിയ റഡാര്‍
സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ഒരു സിഗ്‌നല്‍ ലഭിച്ചിരുന്നു. അത് അര്‍ജുന്റെ ട്രക്ക് ആണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.