അപകട ശേഷം ആശുപത്രിയിലെത്തിക്കാനോ വിവരം തിരക്കാനോ കമ്പനി അധികൃതർ ആരും എത്തിയില്ല; നടേരിയിൽ വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് വയോധിക മരിച്ച സംഭവത്തിൽ വഗാഡിനെതിരെ ഗുരുതര ആരോപണം
കൊയിലാണ്ടി: വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ച സംഭവത്തിൽ വഗാഡ് കമ്പനിക്കെതിരെ ഗുരുതര ആരോപണം. അപകടം സംഭവിച്ച ശേഷം വയോധികയെ ആശുപത്രിയിൽ എത്തിക്കുന്നതിനോ ആരോഗ്യ സ്ഥിതിയെകുറിച്ച് അന്വേഷിക്കാനോ കമ്പനി അധികൃതർ ആരും തയ്യാറായില്ലെന്നാണ് ആരോപണം ഉയർന്നത്.
അപകടത്തിൽപെട്ട ഉടനെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രെെവർമാരും നാട്ടുകാരും ചേർന്നാണ് വയോധികയെ കൊയിലാണ്ടി ഗവ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അപകടം സംഭവിച്ചിട്ട് ഒരുദിവസം പിന്നിടുമ്പോഴും വഗാഡ് കമ്പനി സംഭവത്തിൽ പ്രതികരിക്കാത്തതിനെതിരെ ജനരോഷം ഉയരുന്നുണ്ട്.
അപകട വിവരം അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ നേരിട്ടോ ഫോൺ മുഖേനയോ വയോധികയുടെ ബന്ധുക്കളെ ബന്ധപ്പെടാൻ വഗാഡ് കമ്പനി തയ്യാറായിട്ടില്ലെന്ന് മരുതൂർ വാർഡ് കൗൺസിലർ പി പ്രമോദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Related News- മുത്താമ്പിയില്‍ വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു
നടേരി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തുവെച്ച് ഓടിക്കൊണ്ടിരിക്കുന്ന വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ചാണ് മരുതൂര്‍ തെക്കെ മഠത്തില്‍ കല്ല്യാണിക്ക് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
Summary: A serious charge against Vagad company in the incident of the death of an elderly woman due to a burst tire of a vehicle in Naderi