സര്‍ക്കാറും പൂര്‍വ്വവിദ്യാര്‍ഥികളുമെല്ലാം ഒത്തുപിടിക്കണം; ഗുരു ചേമഞ്ചേരിയുടെ വിദ്യാലയം ഇനിയും ഉയരത്തിലേക്കെത്തണം


എ.സജീവ് കുമാര്‍

കൊയിലാണ്ടി: കേരള കലാമണ്ഡലം കഴിഞ്ഞാല്‍ സംസ്ഥാനത്ത് കഥകളിക്ക് അതീവ പ്രാധാന്യമുള്ള കലാലയമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സ്ഥാപിച്ച ചേലിയകഥകളി വിദ്യാലയം വികസനത്തിന്റെ പുതിയ തലത്തിലേക്ക്. പുതിയ കോഴ്സുകളിലേക്ക് അഡ്മിഷന്‍ നടക്കുമ്പോള്‍ മുന്നൂറിലധികം കുട്ടികളാണ് ഇവിടെ വിവിധ കോഴ്‌സുകളിലായി പഠന രംഗത്തുള്ളത്.

കഥകളി വേഷം, സംഗീതം, ചുട്ടി കോപ്പ് നിര്‍മ്മാണം, ചെണ്ട, മദ്ദളം എന്നീ വിഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള നിരവധി കോഴ്‌സുകള്‍ ഇവിടെയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ കോഴ്‌സുകളില്‍ പഠിതാക്കളായി നിരവധി വിദ്യാര്‍ത്ഥികള്‍ എത്തുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റാണ് അധ്യാപകര്‍ക്ക് വേതനം നല്‍കാന്‍ പ്രധാനമായും ഉപയോഗിക്കാറ്. കോവിഡ് കാലത്തെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം തുടര്‍ച്ചയായി ഗ്രാന്റ് ലഭിക്കാതിരുന്നത് സാമ്പത്തിക തലത്തില്‍ സ്ഥാപനത്തിന് പ്രയാസമുണ്ടാക്കിയിട്ടുണ്ട്. അടുത്ത കാലത്താണ് കഴിഞ്ഞ ഒരു വര്‍ഷത്തെ ഗ്രാന്റ് ലഭിച്ചത്.

ഓരോ വിഷയത്തിലും പ്രഗത്ഭരായ അധ്യാപകരാണ് ഇവിടെ അധ്യാപനം നടത്തുന്നത്. കഥകളിവേഷവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളായ പാട്ട്, ചെണ്ട, മദ്ദളം എന്നിവ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ സ്ഥിരമായി ഇവിടെയുണ്ട്. നേരത്തെ ജില്ലയിലെ നിരവധി സ്‌കൂളുകളില്‍ കഥകളിയെ കുറിച്ച് അറിവുണ്ടാക്കാനായി കഥകളി വിദ്യാലയത്തിലെ ട്രൂപ്പ് സ്‌കൂളുകളില്‍ ഡെമോണ്‍സ് ട്രേഷന്‍ രീതിയില്‍ പരിപാടി നടത്തിയിരുന്നു. കുട്ടികളുടെ പാഠഭാഗങ്ങളില്‍ വരുന്ന ആട്ടക്കഥകള്‍ നേരിട്ട് കുട്ടികളിലേക്ക് എത്തിക്കാന്‍ ഇതിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. കഥകളിയുടെ ഫുള്‍ സെറ്റ് തന്നെ ഇതിനായി സ്‌കൂളുകളിലെത്താറുണ്ടായിരുന്നു.

വലിയ സാമ്പത്തിക ചെലവ് നേരിടുന്ന ഇത്തരം പരിപാടികള്‍ക്കായി സര്‍ക്കാരിന്റെ ചെറിയ ധനസഹായം ഉണ്ടാകുകയാണെങ്കില്‍ ഇത് വീണ്ടും തുടരാവുന്നതാണെന്ന് കലാലയം പ്രിന്‍സിപ്പാള്‍ കലാമണ്ഡലം പ്രേംകുമാര്‍ പറയുന്നു.

പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ഓര്‍മ്മയുമായി ചേലിയ കഥകളി വിദ്യാലയത്തിലെ 24-ാമത് കഥകളി പഠന ശിബിരം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഗുരു ഓര്‍മ്മയായതിനു ശേഷമുള്ള മൂന്നാമത് ശിബിരമാണ് ഈ വര്‍ഷം നടന്നത്. ഇതില്‍ കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി എന്നിവയ്‌ക്കൊപ്പം ഓട്ടന്‍തുള്ളലിലും പരിശീലനം നല്‍കിയിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വിഭാഗത്തിലും ഈ വര്‍ഷം എത്തിയിരുന്നു. ഇതിനും വലിയ സാമ്പത്തിക ചെലവാണ് കഥകളി വിദ്യാലയത്തിനുണ്ടാകുന്നതെങ്കിലും എന്‍.വി.സദാനന്ദന്‍ പ്രസിഡന്റും സന്തോഷ് സെക്രട്ടറിയുമായ കമ്മറ്റി വളരെ നല്ല രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്.

ഗുരു ചേമഞ്ചേരി വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വന്തമായി നിര്‍മ്മിച്ച കെട്ടിടം മാത്രമാണ് ഇവിടെയുള്ളത്. പരിശീലനത്തിനായി കൂടുതല്‍ സ്ഥലം ആവശ്യമുണ്ടെന്നും സ്ഥാപനത്തിന്റെ വളര്‍ച്ചക്കായി ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കാനുള്ള ആലോചനകളും പ്രയത്‌നങ്ങളും കഥകളി വിദ്യാലയം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും വിദ്യാലയത്തോടൊപ്പമുള്ള കെ.കെ.ശങ്കരന്‍ മാസ്റ്റര്‍ പറയുന്നു.