കാപ്പാട് നിന്നും തിരുവങ്ങൂര്‍ അണ്ടര്‍പാസ് വരെ റോഡ് സൗകര്യം ഏര്‍പ്പെടുത്തുക; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫീസിനു മുന്നില്‍ ജനകീയ കുത്തിയിരിപ്പ് സമരം


കോഴിക്കോട്: തിരുവങ്ങൂര്‍ ടൗണിലെ അശാസ്ത്രീയമായ ദേശീയപാത വികസനത്തില്‍ പ്രതിഷേധിച്ച് മലാപറമ്പ് നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫീസിനു മുന്നില്‍ നടത്തിയ ജനകീയ കുത്തിയിരിപ്പ് സമരം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി മൊയ്തീന്‍ കോയയുടെ നേതൃത്വത്തിലാണ് സമരം.

കാപ്പാട് നിന്നും തിരുവങ്ങൂര്‍ അണ്ടര്‍പാസ് വരെ റോഡ് സൗകര്യം ഏര്‍പ്പെടുത്തുക, കാപ്പാട് റോഡ് മുറിച്ചു കടക്കാന്‍ ഒരു അണ്ടര്‍പാസ് നിര്‍മ്മിക്കുക, ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍, വെറ്റിലപ്പാറ പള്ളി, അമ്പലം ഭാഗത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുക, ഫുട്പാത്തുകള്‍ സഞ്ചാരയോഗ്യമാക്കുക, ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡുകള്‍ നിര്‍മ്മിക്കുക, ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നതല യോഗം വിളിക്കുക, കാപ്പാട് തീരദേശ റോഡ് ഉടന്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

വികസനത്തിന് ആരും എതിരല്ലെന്നും എന്നാല്‍ അത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിച്ചുകൊണ്ട് ആവരുതെന്നും ജീവിതത്തിന്റെ ഭാഗമായ സുഗമമായ ഗതാഗതത്തിന് എതിരെ നില്‍ക്കുന്ന ഭരണാധികാരികളെ അതിശക്തമായി ജനങ്ങള്‍ ചെറുത് തോല്‍പ്പിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് ഗ്രോ വാസു പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ അധ്യക്ഷത വഹിച്ചു. കുത്തിയിരുപ്പ് സമരത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.