കൊയിലാണ്ടി നടേരി മഞ്ഞാളാടുകുന്നിലെ സ്‌റ്റേഡിയത്തിന് വിലങ്ങുതടിയായി മൊബൈല്‍ ടവര്‍ നിര്‍മാണം, പ്രതിഷേധവുമായി നാട്ടുകാർ, കൊയിലാണ്ടിയുടെ കായികസ്വപ്‌നങ്ങള്‍ക്ക് തടസം
കൊയിലാണ്ടി: തെറ്റിക്കുന്ന് നടേരി മഞ്ഞാളാടുകുന്നില്‍ നഗരസഭ നിര്‍മ്മിക്കുന്ന കളിക്കളത്തിന് സമീപത്തായി സ്വകാര്യ മൊബൈല്‍ കമ്പനി നിര്‍മ്മിക്കുന്ന ടവറിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും കായികപ്രേമികളും രംഗത്ത് . തെറ്റിക്കുന്ന് നടേരി മഞ്ഞാളാടുകുന്നില്‍ നഗരസഭ നിര്‍മ്മിക്കുന്ന കളിക്കളത്തിന് സമീപത്താണ് പുതിയ ടവറിന്റെ നിർമ്മാണം നടക്കുന്നത് . ടവറിന് മറ്റ് അനുയോജ്യമായ സ്ഥലങ്ങള്‍ ഉണ്ടായിട്ടും പുതുതായി പണിയുന്ന കളിക്കളത്തിന് സമീപത്തായി ടവര്‍ നിര്‍മ്മിക്കുന്നത് സ്റ്റേഡിയത്തിന്റെ വികസനത്തിന് തടസമാകുമെന്ന് വാര്‍ഡ് മെമ്പര്‍ ആര്‍.കെ കുമാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാരും കായികപ്രേമികളുമടക്കം 25പേര്‍ ടവര്‍ നിര്‍മാണത്തിന്റെ പണി നടക്കുന്ന ദിവസം സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. കളിക്കളത്തിന് ചുറ്റുമതിലിനോട് ചേര്‍ന്നാണ് ടവര്‍ നിര്‍മ്മിക്കാന്‍ കുഴിയെടുത്തിരുന്നത്.
തുടര്‍ന്ന് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നാലെ പോലീസിന്റെ സഹായത്തോടെ ടവര്‍ നിര്‍മിക്കാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ആ ശ്രമം സ്വകാര്യ കമ്പനി ഉപേക്ഷിക്കുകയായിരുന്നു. ടവര്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധിച്ച മെമ്പടറക്കം 15പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് കളിക്കളം നിര്‍മ്മിക്കാനായി സ്വകാര്യ വ്യക്തിയില്‍ നിന്നും നഗരസഭ 1.5 ഏക്കര്‍ സ്ഥലം ഏറ്റെടുത്തത്. 56ലക്ഷം രൂപ ചിലവിച്ച് ഏഴ് വ്യക്തികളില്‍ നിന്നാണ് സ്ഥലം വാങ്ങിയിരിക്കുന്നത്. മാത്രമല്ല ഇതിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളും വാങ്ങി കളിക്കളം വികസിപ്പിച്ച് മികച്ച നിലവാരത്തിലുള്ള ഒരു സ്‌റ്റേഡിയം നിര്‍മ്മിക്കാനാണ് കായികതാരങ്ങളും നാട്ടുകാരും ആവശ്യപ്പെടുന്നതെന്ന് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
അത്തരത്തില്‍ സ്ഥലം ഏറ്റെടുത്താല്‍ കളിക്കളത്തിന്റെ വിസ്തൃതി ഒന്നരയേക്കറോളമാകും. മാത്രമല്ല സ്വന്തമായി കളിസ്ഥലമില്ലാത്ത സമീപത്തെ സ്‌ക്കൂളുകള്‍ക്ക് അവരുടെ കായികമേളകളും കുട്ടികള്‍ക്ക് പരിശീലനവും ഇവിടെ വച്ച് കൊടുക്കാന്‍ സാധിക്കുമെന്നാണ് മെമ്പര്‍ പറയുന്നത്. മൊബൈല്‍ ടവര്‍ വരുന്നതിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ സ്റ്റേഡിയം വികസനത്തിന് ടവര്‍ തടസമായി നില്‍ക്കുന്നതിനാലാണ് പ്രതിഷേധിക്കുന്നതെന്നുമാണ് അദ്ധേഹം പറയുന്നത്.
പ്രശ്‌നത്തില്‍ കാവുംവട്ടം വാര്‍ഡ് മെമ്പര്‍ ഫാസില്‍ പിപിയും, തെറ്റിക്കുന്ന് വാര്‍ഡ് മെമ്പറും ഗ്രൗണ്ട് സംരക്ഷണ സമിതിയും കോഴിക്കോട് ജില്ലാ കലക്ടറെ നേരില്‍ കണ്ട് പരാതി കൊടുത്തിരുന്നു. പരാതി സ്വീകരിച്ച കലക്ടര്‍ പ്രശ്‌നം വിശദമായി പരിശോധിക്കാമെന്ന് വാക്ക് കൊടുത്തിട്ടുണ്ട്.
മഞ്ഞാളാടുകുന്നിലെ സ്‌റ്റേഡിയം മികച്ച രീതിയില്‍ പൂര്‍ത്തിയായാല്‍ സമീപത്തെ വിദ്യാര്‍ത്ഥികള്‍ക്കും കായികപ്രേമികള്‍ക്കും ഏറെ പ്രയോജനപ്പെടും. അതിനാല്‍ സ്‌റ്റേഡിയം വികസനത്തിന് വിലങ്ങുതടിയാവുന്ന ടവര്‍ നിര്‍മാണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.