സ്വകാര്യ ബസുകളുടെ അമിതവേഗം തടയും, അനധികൃത പാര്‍ക്കിങ്ങുകള്‍ക്കെതിരെയും നടപടി; പേരാമ്പ്ര സ്റ്റാന്റില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നു


പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റില്‍ പൊലീസ് എയ്ഡ് പോസ്റ്റ് നിര്‍മ്മിക്കുമെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. ഇതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും രണ്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പേരാമ്പ്രയില്‍ ചേര്‍ന്ന ട്രാഫിക് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.

ദിവസങ്ങള്‍ക്ക് മുമ്പ് പേരാമ്പ്ര ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ് ഇടിച്ച് ഒരാള്‍ മരണപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രാഫിക് അവലോകന യോഗം ചേര്‍ന്നത്. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ അമിത വേഗം തടയണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. ടൗണിലും ബസ് സ്റ്റാന്റിലും സി.സി.ടി.വികള്‍ പ്രവര്‍ത്തനസജ്ജമാക്കും. ബസ് സ്റ്റാന്റ് പരിസരത്ത് ഡിവൈഡറുകള്‍ സ്ഥാപിക്കും. സ്റ്റാന്റിലൂടെ ബസ് ഒഴികെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത് തടയും. അനധികൃതമായ വാഹന പാര്‍ക്കിങ്ങുകള്‍ക്കെതിരെ നടപടിയുണ്ടാകും. വാഹന പാര്‍ക്കിങ് അനുവദനീയമായ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.

സീബ്രാലൈനുകള്‍ വീണ്ടും വരയ്ക്കും. വാഹന പരിശോധന കര്‍ശനമാക്കി 43 കേസുകള്‍ അടുത്തിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന ജോയിന്റ് ആര്‍.ടി.ഒ ടി.എം.പ്രജീഷ് യോഗത്തില്‍ അറിയിച്ചു. 3.5ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യപര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തടയാന്‍ ബസ് സ്റ്റാന്റ് പരിസരത്തെ ബിവറേജസ് ഔട്ട്‌ലറ്റിന് സമീപത്ത് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. പഞ്ചായത്ത് ഓഫീസ് റോഡില്‍ നിന്നും സംസ്ഥാനപാതയിലേക്കും ബൈപ്പാസില്‍ നിന്ന് പ്രസിഡന്‍സി കോളേജ് റോഡ് വഴി സംസ്ഥാനപാതയിലേക്കും വണ്‍വേ ഏര്‍പ്പെടുത്താനും തീരുമാനമായി.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, പി.ജോന, ഉദ്യോഗസ്ഥരായ സജു ഫ്രാന്‍സിസ്, ടി.വി.മനു, പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി.ജംഷീദ്, എസ്.ഐ.പി.ഷമീര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാല്‍, വ്യാപാര, മോട്ടോര്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Summary:  A police aid post is being set up at Perambra stand