ഗ്രാമിന് ആയിരം രൂപയ്ക്ക് ബെംഗളൂരില്‍ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ റീട്ടെയില്‍ മാര്‍ക്കറ്റില്‍ മൂവായിരം രൂപക്ക് വില്‍പന, ഒരു ഫോണ്‍ കോളില്‍ ഏത് ലഹരിയും മുന്നിലെത്തിക്കും; കോഴിക്കോട് പിടിയിലായത് വന്‍ ലഹരി മാഫിയയിലെ കണ്ണി


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരിവേട്ട. കാസര്‍ഗോഡ് സ്വദേശിയായ യുവാവ് പിടിയില്‍. അഹമ്മദ് ഇര്‍ഷാദാണ് അറസ്റ്റിലായത്. ബെംഗളൂരു കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാള്‍. പ്രതിയില്‍ നിന്നും 70 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്.

ബെംഗളൂരില്‍ നിന്നും കോഴിക്കോട് വഴി കടത്തിക്കൊണ്ടു പോകുകയായിരുന്ന വീര്യം കൂടിയ രാസലഹരിമരുന്നാണ് പിടികൂടിയത്. എലത്തൂര്‍ ട്രെയിന്‍ സംഭവത്തിനുശേഷം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ ബൈജുവിന്റെ നേതൃത്വത്തില്‍ സിറ്റി പൊലീസ് പരിധിയില്‍ കര്‍ശന പരിശോധനയാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ
പരിശോധനയ്ക്കിടെയാണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പ്രതിയെ പിടികൂടിയത്.

ഗ്രാമിന് ആയിരം രൂപയ്ക്ക് ബെംഗളൂരില്‍ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ റീട്ടെയില്‍ മാര്‍ക്കറ്റില്‍ മൂവായിരം രൂപയ്ക്കാണ് ഇയാള്‍ വില്‍പന നടത്തുന്നത്. ബെംഗളൂരു സിറ്റിയില്‍ ലഹരി തേടിയെത്തുന്നവര്‍ക്ക് ഇര്‍ഷാദിന്റെ ഫോണില്‍ ബന്ധപ്പെട്ടാല്‍ ഏത് തരം മയക്കുമരുന്നും ഞൊടിയിടയില്‍ എത്തിച്ച് നല്‍കാറാണ് പതിവ്. ബെംഗളൂരുവിലെ കുപ്രസിദ്ധമായ ആഫ്രിക്കന്‍ കോളനിയില്‍ നിന്നാണ് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതെന്ന് പ്രതി സമ്മതിച്ചു.

ബെംഗളൂരു – കോഴിക്കോട് റൂട്ടില്‍ രാത്രിയില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളിലാണ് ഇയാള്‍ കേരളത്തിലേക്ക് എംഡിഎംഎ കടത്തിയിരുന്നത്. രാത്രിയില്‍ ബസ്സില്‍ ചെക്കിങ് ഇല്ലാത്തതുകൊണ്ടാണ് ഈ മാര്‍ഗ്ഗം തെരഞ്ഞെടുത്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ഫെബ്രുവരിമാസം കോഴിക്കോട് സ്വദേശിനിയായ യുവതിയെ അവരുടെ വീട്ടില്‍ക്കയറി ആക്രമിച്ചതിനും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിപ്പിച്ചതിനും ഇര്‍ഷാദിന്റെ പേരില്‍ കേസുണ്ട്. യുവതിയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പന്തീരാങ്കാവ് പോലീസാണ് അന്ന് പ്രതിക്കെതിരെ കേസെടുത്തിരുന്നത്.