കക്കട്ടിലില്‍ മാതാവിനൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമായ കുട്ടി മരിച്ച നിലയിൽ
കുറ്റ്യാടി: കക്കട്ടിലില്‍ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായകുട്ടി മരിച്ചനിലയില്‍. അരൂര്‍ ഒതയോത്ത് റിയാസിന്റെ മകള്‍ നൂറ ഫാത്തിമയാണ് മരിച്ചത്. ഇന്ന് രാവിലെ കക്കട്ടിലെ പൊയോല്‍ മുക്കിലെ ഉമ്മയുടെ വീട്ടിലാണ് സംഭവം. രാവിലെ ഒന്‍പതര മണിക്ക് മൂത്ത മകള്‍ നോക്കിയപ്പോഴാണ് ഉമ്മയുടെ അടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ചലനമറ്റ് ശരീരം തണുത്ത നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി കുട്ടി നിര്‍ത്താതെ കരഞ്ഞിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുറ്റ്യാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ഉപ്പയുടെ പരാതിയില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.