മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട പള്ളിപ്പറമ്പ് തോടിന് പുതുജീവന്‍; നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി


കൊയിലാണ്ടി: മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ട പള്ളിപ്പറമ്പ് തോടിന് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. നവീകരിച്ച പള്ളിപറമ്പ് തോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗര സഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2591618 രൂപ ചിലവഴിച്ചാണ് തോടിന്റെ പണി പൂര്‍ത്തീകരിച്ചത്.

70 മീറ്റര്‍ നീളത്തിലാണ് പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് നിര്‍മ്മിതമായ തോട് പൂര്‍ത്തീകരിച്ചത്. മാലിന്യം തള്ളാതിരിക്കാന്‍ മുകള്‍ വശത്ത് കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത 37 സെന്റ് സ്ഥലത്ത് ഹാപ്പിനസ് പാര്‍ക്കിന് അഞ്ച് ലക്ഷം രൂപ നഗരസഭ കൗണ്‍സില്‍ വകയിരുത്തിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.പി.ഇബ്രാഹിംകുട്ടി സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ കെ.ടി.വി.റഹ്‌മത്ത്, രത്‌നവല്ലി ടീച്ചര്‍ എന്‍.ഇ.മുഹമ്മദ്, രാഗം മുഹമ്മദലി, പി.പി.സന്തോഷ്, റഷീദ്.കെ എന്നിവര്‍ സംസാരിച്ചു. നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.ശിവപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.