വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങുന്നു; പയ്യോളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ കെട്ടിടം ഉയരും, മൂന്നുകോടി രൂപയുടെ ഭരണാനുമതി


പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പുതിയ കെട്ടിടത്തിന് മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ ഭരണാനുമതിയായിരിക്കുന്നത്. കെട്ടിടത്തിന്റെ സ്ട്രക്ച്ചറല്‍ ഡ്രോയിംഗും ഡിസൈനും പൂര്‍ത്തിയാകുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കും. തുടര്‍ന്ന് സാങ്കേതികാനുമതി കൂടെ ലഭിക്കുന്നതോടെ പ്രവൃത്തി ആരംഭിക്കാനാവും.

മണ്ഡലത്തില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് പയ്യോളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍. പയ്യോളി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് കഴിഞ്ഞ നാളുകളിലുണ്ടായത്. കിഫ്ബി മുഖേനെ രണ്ടു കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 81.17 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച വി.എച്ച്.എസ്.സി കെട്ടിടത്തിന്റെയും ഉദ്ഘാടനം കഴിഞ്ഞ നാളുകളിലാണ് നിര്‍വ്വഹിച്ചത്.

വിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച കെട്ടിടത്തിന്റെ പ്രവൃത്തിയും നടന്നുവരികയാണ്. അതിനോടൊപ്പമാണ് പുതിയ കെട്ടിടത്തിന് മൂന്ന് കോടി രൂപ കൂടെ അനുവദിച്ചത്.

Summary: A new building will be erected at Payyoli Govt. Higher Secondary School, administrative approval of Rs.3crore