ആനക്കുളത്ത് ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശിയെ; അപകട സ്ഥലത്ത് നിന്ന് രക്തത്തിന്‍റെയും മുടിയുടെയും സാമ്പിൾ ശേഖരിച്ചു


കൊയിലാണ്ടി: ആനക്കുളത്ത് ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് ഇതരസംസ്ഥാന തൊഴിലാളിയെ എന്ന് സ്ഥിരീകരിച്ച്‌ റെയില്‍വേ പോലീസ്. മാഹിയിൽ നിന്നാണ് യുവാവ് ട്രെയിനിൽ കയറിയത്. ഹോട്ടല്‍ തൊഴിലാളിയായ 25 വയസ് തോന്നിക്കുന്ന യുവാവാണ് മരണപ്പെട്ടതെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് കോഴിക്കോട് റെയില്‍വേ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.

മംഗളൂരു തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഇയാളെ സഹയാത്രികന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണെന്നാണ് റെയില്‍വേ പൊലീസിന്റെ കണ്ടെത്തല്‍. യുവാവിന്റെ മൃതദേഹം കണ്ടെത്തിയ ആനക്കുളം റെയില്‍വേ ഗേറ്റിന്‍റെ പരിസരത്ത് റെയില്‍വേ പോലീസ് തെളിവെടുപ്പ് നടത്തി.

സംഭവം സ്ഥലത്തുനിന്ന് രക്തത്തിന്‍റെയും മുടിയുടെയും സാമ്പിളും ശേഖരിച്ചു. റെയില്‍വേ ജീവനക്കാര്‍ അടക്കമുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി. ഐആര്‍പി സിഐ സുധീര്‍ മനോഹര്‍, സൈന്‍റിഫിക് ഓഫീസര്‍ കെ.വി. നബീല എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്.

യുവാവിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തു (48) വിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read – ”അടുത്ത സ്റ്റോപ്പില്‍ കാണാം, ഇറങ്ങെടാ, ഇറങ്ങ്..” ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ വാതില്‍ക്കലിരുന്നത് വാക്കേറ്റം, ആനക്കുളത്തെത്തിയപ്പോള്‍ യുവാവിനെ തള്ളിയിട്ടു- തീവണ്ടിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണാം