ഒമാനില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തി റിയാദില്‍ കാണാതായി; ന്യൂ മാഹി സ്വദേശിയെ ജയിലില്‍ കണ്ടെത്തിയതായി ഇന്ത്യന്‍ എംബസി


ന്യൂമാഹി: ഒമാനില്‍ നിന്ന് കഴിഞ്ഞ ദിവസം സന്ദര്‍ശകവിസയില്‍ റിയാദിലെത്തി അവിടെ നിന്നും കാണാതായ ന്യൂ മാഹി സ്വദേശിയെ കണ്ടെത്തി. അബൂട്ടി വള്ളില്‍ എന്ന മുപ്പത്തിയെട്ടുകാരനെ കഴിഞ്ഞ ഞായറാഴ്ച മുതലാണ് കാണാതായത്. ഇയാളെ അല്‍ഹസ ജയിലില്‍ വച്ച് കണ്ടെത്തിയതായി ഇന്ത്യന്‍ എംബസി ജയില്‍ സെക്ഷന്‍ അറിയിച്ചു.

ഒമാനില്‍ നിന്ന് റോഡ് വഴി സൗദിയില്‍ എത്തിയ അബൂട്ടി വിസ പുതുക്കുന്നതിനായി തൊഴിലുടമയോടൊപ്പം കാറില്‍ തിരികെ പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിസ പുതുക്കി ലഭിക്കാത്തതിനാല്‍ ഒമാനിലേക്ക് തിരികെ പോകാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

നാട്ടില്‍ നിന്ന് കുടുംബവും ഒമാനിലെ സുഹ്യത്തുക്കളും ആവശ്യപ്പെട്ടത് പ്രകാരം ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് സെന്‍ട്രല്‍ സഫ്വ വളണ്ടിയര്‍മാര്‍ എംബസിയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ കണ്ടെത്താന്‍ വിവിധ കേന്ദ്രങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് അല്‍ഹസ ജയിലില്‍ ഉള്ള വിവരം ലഭിച്ചത്. മതിയായ രേഖകളില്ലാത്തതിനാലാവാം പോലീസ് പിടിച്ചതെന്നാണ് സംശയിക്കുന്നത്.