നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് ബെംഗളുരു വഴി കേരളത്തില്‍ എത്തിക്കുന്ന പ്രധാനി; കുറ്റ്യാടി അടുക്കത്ത് സ്വദേശി ബെംഗളുരുവിൽ പിടിയിൽ
കുറ്റ്യാടി: വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന എം.ഡി.എം.എ കേരളത്തിലെ ലഹരി മാഫിയകള്‍ക്ക് എത്തിച്ച് നല്‍കുന്നതില്‍ പ്രധാനിയായ കുറ്റ്യാടി സ്വദേശി ബെംഗളുരുവില്‍ പിടിയിൽ. അടുക്കത്ത് ആശാരി വീട്ടില്‍ അമീർ(39) ആണ് പിടിയിലായത്. കല്ലമ്പലം പോലീസാണ് പ്രതിയെ പിടികൂടിയത്. നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് ബെംഗളുരു വഴി കേരളത്തില്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അമീർ എന്ന് പോലീസ് പറഞ്ഞു.
ബെംഗളുരുവിൽ നിന്നും ലഹരിമരുന്നുമായി ഇക്കഴിഞ്ഞ 16ന് രാവിലെ കല്ലമ്പലത്ത് എത്തിയ വർക്കല സ്വദേശികളായ ദീപു, അഞ്ജന എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. റിമാൻഡിലായിരുന്ന ദീപുവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ ലഹരി ശേഖരം വാങ്ങിയ ബെംഗളുരുവിലെ ഉറവിടം കണ്ടെത്തിയത്.
തുടര്‍ന്ന് ദീപുവിനെയും കൊണ്ട് കല്ലമ്പലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബെംഗളുരു ഇലക്ട്രോണിക് സിറ്റിയിലെ മൈലസാന്ദ്രയിലെ ആഡംബര ഫ്ലാറ്റിൽ എത്തുകയും അവിടെ കുടുംബസമേതം താമസിക്കുകയായിരുന്ന അമീറിനെ അതിസാഹസികമായി ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
കുറ്റ്യാടി, പേരാമ്പ്ര, മട്ടന്നൂർ, വയനാട്, തൊണ്ടർനാട് എന്നീ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളിലെ പിടികിട്ടാപുള്ളിയാണ് അമീർ. ബാംഗ്ലൂരിൽ നിന്നും ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയുമായി പോലീസ് ഇന്ന് രാവിലെ കല്ലമ്പലത്ത് എത്തി. തുടർ നിയമ നടപടികൾക്ക് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കല്ലമ്പലം എസ് എച്ച് ഒ. പ്രൈജു അറിയിച്ചു.
കുറ്റ്യാടി സ്വദേശിയാണെങ്കിലും മൂന്നു വർഷക്കാലമായി ഇയാൾ കുടുംബസമേതം ബാംഗ്ലൂരിലെ വിവിധ ആഡംബര പാർപ്പിട സമുച്ചയങ്ങളിലാണ് താമസിച്ചു വരുന്നതെന്ന് പോലീസ് പറയുന്നു. പോലീസ് കസ്റ്റഡിയിലുള്ള പ്രതി ദീപുവിന്റെ കയ്യിൽ നിന്നും മയക്കുമരുന്ന് വാങ്ങി വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്ന കല്ലമ്പലം സ്വദേശി ഷാൻ എന്ന യുവാവിനെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു.
Description: A native of Kuttiadi, who is the main person in supplying MDMA to drug mafias, has been arrested