വ്യാജ ഷെയര്‍ ട്രേഡ് ആപ്പുവഴി തട്ടിപ്പിന് ഇരയായി; കോഴിക്കോട് സ്വദേശിയ്ക്ക് നഷ്ടമായത് 4.8കോടിരൂപ, തട്ടിപ്പ് സംഘം കുടുക്കിയത് വാട്‌സ്ആപ്പ് വഴി


കോഴിക്കോട്: വ്യാജ ഷെയര്‍ ട്രേഡ് ആപ്പു വഴി തട്ടിപ്പിന് ഇരയായി കോഴിക്കോട് സ്വദേശിയായ സംരംഭകന് നഷ്ടമായത് 4.8 കോടി രൂപ. വിവിധ സംസ്ഥാനങ്ങളിലെ 24 അക്കൗണ്ടികളിലേക്കാണ് ഈ പണം പോയിരിക്കുന്നത്.

വാട്‌സ് ആപ്പുവഴിയാണ് തട്ടിപ്പുസംഘം ഇയാളെ ബന്ധപ്പെട്ടത്. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ലാഭമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട വിവരം സോഷ്യല്‍ മീഡിയ വഴി ലഭിച്ച ഇയാള്‍ ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ ചേരുകയായിരുന്നു.

ഈ ഗ്രൂപ്പുകൡ ഓഹരി വിപണിയുമായി ബന്ധപ്പെട്ട ടിപ്പുകള്‍ വന്നതോടെ സംരംഭകനില്‍ വിശ്വാസം കൂടി. പിന്നാലെ ഫോണില്‍ ചില ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു. വ്യാജ ആപ്പുകള്‍ വഴി ആദ്യ ഘട്ടത്തില്‍ ലാഭമുണ്ടായെന്ന് വരുത്തിത്തീര്‍ത്തു.

തുടര്‍ന്ന് കൂടുതല്‍ ട്രേഡിങ് അവസരങ്ങള്‍ക്കുവേണ്ടി വന്‍തുക ചില ബാങ്ക് അക്കൗണ്ടുകളഇല്‍ നിക്ഷേപിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്.

ഇടയ്ക്ക് സംശയം തോന്നി സൈബര്‍ പൊലീസുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പാണ് നടന്നതെന്ന് ബോധ്യപ്പെട്ടത്. സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.