വേഷവും ഹെയർസ്റ്റെലും മാറ്റി ഒളിവു ജീവിതം; വ്യാപാരിയിൽ നിന്ന് സ്വർണ്ണം കവർന്ന കേസിലെ സൂത്രധാരനായ ചേളന്നൂർ സ്വദേശി പിടിയിൽ
കോഴിക്കോട്: പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ കവര്‍ച്ചയുടെ സൂത്രധാരന്‍ പിടിയിലായി. ചേളന്നൂർ സ്വദേശി ഹനുരാജ് (53) ആണ് സിറ്റി ക്രൈം സ്ക്വാഡിന്‍റെ പിടിയിലായത്. ഹനുരാജിനോട് സാമ്യമുള്ളയാളെ കണ്ടെന്ന വിവരത്തേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒടുവില്‍ സ്വര്‍ണ കവര്‍ച്ച കേസിലെ സൂത്രധാരന്‍ പിടിയിലായത്. കസബ സബ്ബ് ഇൻസ്പെക്ടർ എസ്.അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശാന്തൻപാറയിൽ നിന്ന് ഇയാളെ പിടികൂടിയത്.
കർണ്ണാടകയിലെ രഹസ്യതാവളത്തിൽ ഒളിവിൽ കഴിയുകയായിരുന്നു കവർച്ചയുടെ മുഖ്യ സൂത്രധാരനായ ഹനുരാജ്. വിവിധ പേരുകളില്‍ പലയിടത്തായി ഒളിച്ച് താമസിച്ചിരുന്ന ഹനുരാജിനെ ഏറെ പ്രയാസപ്പെട്ട ശേഷമാണ് പൊലീസ് പിടികൂടിയത്. സംഘത്തില്‍പ്പെട്ടവരെ ഒന്നൊന്നായി പൊലീസ് പിടികൂടാന്‍ ആരംഭിച്ചതിന് പിന്നാലെ മൊബൈല്‍ ഉപയോഗിക്കുന്നത് അടക്കം ചുരുക്കി മുങ്ങി നടക്കുകയായിരുന്നു ഹനുരാജ്. നാട്ടിലേക്ക് വേഷം മാറിയും ഹെയര്‍ സ്റ്റൈല്‍ അടക്കം മാറ്റിയുമാണ് ഹനുരാജ് എത്തിയിരുന്നത്. കര്‍ണാടകയില്‍ പൊലീസ് തെരച്ചില്‍ ഊര്ജ്ജിതമായതോടെ ഇയാള്‍ മൂന്നാറിന് സമീപം ശാന്തന്‍പാറയിലേക്ക് ഒളിവ് ജീവിതം മാറ്റിയിരുന്നു.
കഴിഞ്ഞ സെപ്തംബർ 20 നു രാത്രി ലിങ്ക് റോഡിലുള്ള സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് 1.200 കിലോഗ്രാം സ്വർണ്ണവുമായി പോയ പശ്ചിമ ബംഗാൾ സ്വദേശി റംസാനെ ബൈക്കിലെത്തിയ എട്ടംഘ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് സ്വർണ്ണം കവരുകയായിരുന്നു. കേസിന്‍റെ ഗൌരവം കണക്കിലെടുത്ത് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജൻ ഐ.പി.എസിന്‍റെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ ബിജുരാജിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷണം നടത്തി വരികയായിരുന്നു.
കേസില്‍ ചേളന്നൂർ ഇരുവള്ളൂർ തായാട്ടു കണ്ടിയിൽ പത്മേഷ് എന്ന ഉണ്ണി, പുനൂർ കക്കാട്ടുമ്മൽ നെല്ലിക്കൽ മുഹമ്മദ് ഷാറൂഖ്, വെസ്റ്റ് ബംഗാൾ ഹൊജവട്ട നിയാഖത്ത്, കക്കോടി മുട്ടോളി സ്വദേശി ലത്തീഷ്,പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത്, കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടിൽ ജമാൽ ഫാരിഷ്, പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ, കാസർഗോഡ് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ്, ചാമുണ്ടിവളപ്പിൽ സ്വദേശി ജംഷീർ, കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ അമ്പല നിലത്ത് വീട്ടിൽ എൻ.പി ഷിബി,മാളിക്കടവ് മുലാടത്ത് ഷൈസിത്ത്, മൊകേരി വടയത്ത് മരം വീട്ടിൽ നിജീഷ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Summary: a native of Chelanur was arrested in the case of stealing gold from a trader