രാവും പകലുമില്ലാതെ നിരനിരയായി വാഹനങ്ങളുടെ പാര്‍ക്കിംഗ്, അപകടങ്ങള്‍ ഒഴിവാകുന്നത് നൂലിഴ വ്യത്യാസത്തില്‍; വെങ്ങളം മേല്‍പ്പാലത്തിനടിയിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കണം


വെങ്ങളം: ”നൂലിഴ വ്യത്യാസത്തിലാണ് അപകടങ്ങള്‍ ഒഴിവാകുന്നത്..രാത്രിയിലാണ് കൂടുതല്‍ ബുദ്ധിമുട്ട്…”വെങ്ങളം സ്വദേശിയും ഡ്രൈവറുമായ ശരത് പറഞ്ഞുവരുന്നത് വെങ്ങളത്തെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നത്തെ കുറിച്ചാണ്. വെങ്ങളം മേല്‍പ്പാലത്തിനടിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സ്ഥിരമായിരിക്കുകയാണ്. ആദ്യമൊക്കെ ഒന്നും രണ്ടുമായിരുന്നെങ്കില്‍ ഇപ്പോള്‍ പത്തിലധികം ആയിരിക്കുകയാണ്.

മെയിന്‍ ജംഗ്ഷിനായ മേല്‍പ്പാലത്തിനടിയിലൂടെയുള്ള യാത്ര ഒരു മാസത്തിനിടെയാണ് ഇത്രയധികം ബുദ്ധിമുട്ടായി മാറിയിരിക്കുന്നത്‌. നാഷണല്‍ പെര്‍മിറ്റുള്ള വലിയ ലോറികളാണ് നിലവില്‍ അവിടെ നിര്‍ത്തിയിട്ടിരിക്കുന്നത്. പകല്‍ സമയത്തേക്കാള്‍ ബുദ്ധിമുട്ടാണ് രാത്രികാലങ്ങളില്‍. സ്ട്രീറ്റ് ലൈറ്റുകളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ റോഡ് മുറിച്ചു കടക്കുക വലിയ ബുദ്ധിമുട്ടായിരിക്കുകയാണെന്ന്‌ ശരത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

 

രാത്രി കാലങ്ങളില്‍ ദൂരെ നിന്നും നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മേല്‍പ്പാലത്തിന് അടിയിലൂടെയുള്ള യാത്ര ദുരിതമാണ്. കൃത്യമായ സ്ഥല പരിചയം ഇല്ലാത്തതിനാല്‍ സമീപത്ത് നിര്‍ത്തിട്ടിരിക്കുന്ന ലോറികള്‍ അടുത്തെത്തുമ്പോഴാണ് കാണുക. അതിനാല്‍ തന്നെ മറുവശത്ത് നിന്നും വാഹനങ്ങള്‍ വരുമ്പോള്‍ പലപ്പോഴും സൈഡ് കൊടുത്ത് നീങ്ങാന്‍ ബുദ്ധിമുട്ടാണ്. വിഷംയ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി മേല്‍പ്പാലത്തിന് അടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Description: A miserable journey under the vengalam flyover