പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ച കേസ്; ഫറോക്ക് സ്വദേശിക്ക്‌ 33 വര്‍ഷം കഠിന തടവ്


ഫറോക്ക്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസില്‍ യുവാവിന് 33 വര്‍ഷം കഠിതടവും 50,000രൂപ പിഴയും. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി തളിക്കാട്ട് പറമ്പ് വീട്ടില്‍ കെ.ബിജു(ഉണ്ണി)വിനെയാണ് കോഴിക്കോട് പ്രത്യേക കോടതി ശിക്ഷിച്ചത്.

2016 ജൂണ്‍ മുതല്‍ 2017 ഓഗസ്ത് വരെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ കാലയളവില്‍ പ്രതി പല ദിവസങ്ങളിലായി അശ്ശീല വീഡിയോ മൊബൈലില്‍ കാണിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ട് മാസവും കൂടി തടവ് അനുഭവിക്കണം. നല്ലളം എസ്ഐ യു സനീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആര്‍ എന്‍ രഞ്ജിത്ത് ഹാജരായി.