ദേശീയപാതയിലെ നിരന്തരമുള്ള അപകടവും ഗതാഗതക്കുരുക്കും; പരിഹാരത്തിനായി പയ്യോളിയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു


പയ്യോളി: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗത തടസ്സം, അപകടം മുതലായവ ഭീഷണിയാകുന്ന സാഹചര്യത്തില്‍ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്നു. എം.എല്‍.എ, നഗരസഭ, ദേശീയപാതാ അധികൃതര്‍ കരാര്‍ കമ്പനി പ്രതിനിധികള്‍, പയ്യോളി എലിവേറ്റഡ് ഹൈവേ കമ്മിറ്റി എന്നിവര്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ നിലവിലുള്ള വെള്ളക്കെട്ട് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചു.

സമീപകാലത്ത് ദേശീയപാതയില്‍ ഉണ്ടായ അപകടങ്ങള്‍, ഗതാഗതക്കുരുക്ക്, മഴ പെയ്താലുണ്ടാവുന്ന വെള്ളക്കെട്ട്, എന്നിവ കണ്ക്കിലെടുത്താണ് പയ്യോളി നഗരസഭയുടെ നേതൃത്വത്തില്‍ യോഗം യോഗം ചേര്‍ന്നത്. മൂരാട് അടിപ്പാതയില്‍ കുഴികള്‍ രൂപപ്പെട്ടയിടത്ത് ടാറിങ്ങ് നടത്തി ഗതാഗത യോഗ്യമാക്കാനും അടിപ്പാത മുതല്‍ മഞ്ഞൂല്‍ പാറ വരെയുള്ള ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നതിന് ഇടനല്‍കാതെ മൂരാട് കുറ്റ്യാടി പുഴയിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കാനും തീരുമാനമായിട്ടുണ്ട്. പയ്യോളി ജംഗ്ഷനില്‍ കോടതിക്ക് എതിര്‍വശമുള്ള 3 ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കം ചെയ്ത് ആ ഭാഗം വീതി കൂട്ടാനും ഇതേ ഭാഗത്ത് സര്‍വീസ് റോഡിന്റെ ഓരം ചേര്‍ന്ന് പണി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തെ മണ്ണിടിച്ചിലിനും പരിഹാരം കാണാനും തീരുമാനമായിട്ടുണ്ട്.

കൂടാതെ സര്‍വീസ് റോഡില്‍ ആവശ്യമായിടത്ത് റീടാറിങ്ങും ഇരുവശത്തുമുള്ള മണല്‍, മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്ത് ഒരാഴ്ചയ്ക്കകം വീതി കൂട്ടാനും യോഗത്തില്‍ പറഞ്ഞു. സംയുക്ത യോഗത്തിന്റെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് ദേശീയപാതാ അധികൃതരും കരാര്‍ കമ്പനി പ്രതിനിധികളും എം.എല്‍.എയുടെ സാന്നിധ്യത്തില്‍ യോഗത്തിന് ഉറപ്പ് നല്‍കി.

എം എല്‍ എ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ അധ്യക്ഷന്‍ വി.കെ അബ്ദുറഹിമാന്‍, ഉപാധ്യക്ഷ പത്മശ്രീ പള്ളിവളപ്പില്‍,അദാനി ഗ്രൂപ്പ് പ്രതിനിധി ഉജ്ജ്വല്‍, വഗാഡ് പ്രതിനിധി, ദേശീയപാത അതോറിറ്റി അസി.എഞ്ചിനീയര്‍ രാജ്പാല്‍, എലിവേറ്റഡ് ഹൈവേ കമ്മിറ്റി ചെയര്‍മാന്‍ പി മുഹമ്മദ് അഷ്‌റഫ്, ജന. കണ്‍വീനര്‍ കെ ടി സിന്ധു. മുന്‍ നഗരസഭാധ്യക്ഷന്‍ വടക്കയില്‍ ഷഫീഖ്,എം സമദ്. കെ എം ഷമീര്‍, എം കെ രമ്യനാഥന്‍ സി.പി ഫാത്തിമ, സതീഷ് കുന്നങ്ങോത്ത്, പവിത്രന്‍ ഒതയോത്ത്, ബഷീര്‍ മേലടി, എന്‍.ടി. രാജന്‍, എ.കെ ബൈജു. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.