ദേശീയപാത നിര്‍മ്മാണം; തിക്കോടി, പയ്യോളി ഉള്‍പ്പെടെയുള്ള പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ബുധനാഴ്ച യോഗം ചേരും, പ്രശ്‌നപരിഹാരം കാണുമെന്ന് കളക്ടറുടെ ഉറപ്പ്


പയ്യോളി: മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശ പ്രകാരം മൂടാടി, തിക്കോടി, പയ്യോളി പ്രദേശത്തെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു. ചര്‍ച്ചയുടെ ഫലമായി ജൂലൈ 23 ന് വൈകിട്ട് 4.30 ന് പയ്യോളി മുന്‍സിപ്പല്‍ ഓഫീസില്‍ വെച്ച് യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായി. യോഗത്തില്‍ ഈ വിഷയത്തിലുള്ള പരിഹാരം കാണാമെന്നു കളക്ടര്‍ ഉറപ്പ് നല്‍കി.

കൂടാതെ വഗാഡ് ലേബര്‍ ക്യാമ്പിലെ മലിനീകരണ പ്രശ്‌നങ്ങള്‍ സംബന്ധിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനും പ്രശ്‌ന പരിഹാരം ബുധനാഴ്ചക്കകം ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കി

എം.എല്‍.എ. കാനത്തില്‍ ജമീല, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പയ്യോളി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ടി.ചന്തു മാസ്റ്റര്‍, സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ എംപി ഷിബു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.