കണ്ണൂരില്‍ ബേക്കറി ഉടമയെ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി കാപ്പാട് ഇറക്കിവിട്ടു; ഒമ്പതു ലക്ഷം രൂപ കവര്‍ന്നതായി ബേക്കറി ഉടമയുടെ പരാതി


കണ്ണൂര്‍: കണ്ണൂര്‍ ചക്കരകല്ലിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നതായി പരാതി. എച്ചൂര്‍ സ്വദേശി റഫീഖിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയി ഒന്‍പത് ലക്ഷം കവര്‍ന്നതായാണ് പരാതി.റഫീഖ് ബംഗളൂരില്‍ നിന്ന് കണ്ണൂരിലെത്തിയപ്പോഴാണ് സംഭവം.

ബംഗളൂരുവില്‍ ബേക്കറി നടത്തുകയായിരുന്ന റഫീഖ് ഇന്നലെ പുലര്‍ച്ചെ ഏച്ചൂരില്‍ ബസിറങ്ങിയപ്പോഴാണ് കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. ക്രൂരമായി മര്‍ദിച്ച ശേഷം കൈയിലുണ്ടായിരുന്ന ലക്ഷം രൂപ തട്ടിയെടുത്തെന്ന് റഫീഖ് പറയുന്നു.

മുഖംമൂടി ധരിച്ചെത്തിയ സംഘം പണം കവര്‍ന്നതിന് ശേഷം റഫീഖിനെ കാപ്പാട് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. ഇതിലൂടെ കടന്നുപോയ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാളെ വീട്ടിലെത്തിച്ചത്. ഭാര്യയുടെ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനായി കൊണ്ടുവന്ന പണമാണ് സംഘം തട്ടിയെടുത്തതെന്നും റഫീഖ് പറയുന്നു.

നാലു പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. ബംഗളൂരുവിലെ തന്റെ ബേക്കറിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ എന്ന് സംശയിക്കുന്നതായും റഫീഖ് പറഞ്ഞു. സംഭവത്തില്‍ ചക്കരക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.

Summary: A masked gang abducted a bakery owner in Kannur and robbed him of nine lakh rupees.