പൂഴിത്തോട് മാവട്ടം വനമേഖലയില്‍ ഉരുള്‍പൊട്ടി; കടന്തറ പുഴയില്‍ ജലനിരപ്പുയര്‍ന്നു, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
ചക്കിട്ടപാറ: പൂഴിത്തോട് മാവട്ടം വനമേഖലയില്‍ ഉരുള്‍പൊട്ടി. പൂഴിത്തോട് അനങ്ങംപാറയുടെ മേല്‍ഭാഗത്ത് വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്. പൂഴിത്തോട് മേഖലയില്‍ രാത്രിയിലും മഴ തുടര്‍ന്നിരുന്നു. തുടര്‍ന്ന് കടന്തറ പുഴയില്‍ വെള്ളം ക്രമാതീതമായി വര്‍ധിച്ചു. ഇല്ല്യാനി, മുത്തേട്ട് പുഴകളിലും ജലത്തിന്റെ അളവ് കൂടിയിട്ടുണ്ട്.
പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പുഴയില്‍ ഇറങ്ങരുതെന്നും ചെമ്പനോട വില്ലേജ് ഓഫിസര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ ഉള്‍വനത്തില്‍ വ്യാഴാഴ്ച വൈകീട്ട് മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്.
കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരിയിലെ ഉള്‍വനം, തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ എന്നി പ്രദേശങ്ങളിലെ ഉള്‍വനത്തിലുമാണ് ശക്തമായ മഴ തുടരുന്നത്. തുഷാരഗിരിയില്‍ മഴ ശക്തിപ്പെട്ടതോടെ ചെമ്പുകടവ് വഴി ചാലിപ്പുഴയിലേക്ക് കനത്ത മലവെള്ളപ്പാച്ചില്‍ തുടങ്ങിയിരുന്നു.
ഇരുവഞ്ഞിപ്പുഴയിലും ജനലനിരപ്പ് കൂടിയിട്ടുണ്ട്. അതിനാല്‍ ഇരു പുഴകള്‍ക്കും തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. താഴ്വാരത്ത് മഴയില്ലാത്തതിനാല്‍ നാട്ടുകാര്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കുളിക്കാന്‍ ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ മലവെള്ളപ്പാച്ചില്‍ ശക്തിപ്പെട്ടതോടെ ആരും പുഴകളില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.