ബസുകള്‍ ഓടാന്‍ ഒരുങ്ങിയതോടെ, എം.എല്‍.എയ്ക്ക് മുമ്പാകെ നല്‍കിയ ഉറപ്പ് ലംഘിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമായി ഒരുവിഭാഗം തൊഴിലാളികള്‍; ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ, സര്‍വ്വീസ് നടത്താന്‍ തയ്യാറായ ബസുകള്‍ക്ക് സംരക്ഷണം നല്‍കുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് എം.എല്‍.എ ഇടപെട്ട് പരിഹരിച്ചതിന് പിന്നാലെ എം.എല്‍.എയ്ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ഒരുവിഭാഗം തൊഴിലാളികള്‍ ബസ് എടുക്കാന്‍ തയ്യാറാകാതിരുന്നത് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. ടൗണ്‍ഹാളില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച ബസുകള്‍ ഓടാന്‍ ധാരണയായാണ് പിരിഞ്ഞത്. തൊഴിലാളി സംഘടനകളായ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂണിയനുകള്‍ ഒന്നടങ്കം തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇതിന് പിന്നാലെ ഒരു വിഭാഗം തൊഴിലാളികള്‍ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.
ഇതിനെതിരെ ബസ് സ്റ്റാന്റില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജനങ്ങളെ അണിനിരത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തുടര്‍ന്ന് സര്‍വ്വീസ് നടത്താന്‍ തയ്യാറായ ബസുകള്‍ക്ക് പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കുകയും ചെയ്തു. പകുതിയോളം ബസുകള്‍ നിലവില്‍ സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്.
ഐ.എന്‍.ടി.യു.സി നേതാവായ വി.ടി.സുരേന്ദ്രന്‍ സ്ഥലത്തെത്തുകയും സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിജീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐയടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും ബസുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.