മേപ്പയ്യൂരിലെ വിദ്യാർത്ഥി യുവജന സമരങ്ങളുടെ മുന്നണിപ്പോരാളിയായി അവനുണ്ടാകുമായിരുന്നു; കോണിപ്പടിയില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് മരണപ്പെട്ട ജനകീയമുക്ക് സ്വദേശി അഭിന്റെ വേര്‍പാടോടെ നഷ്ടമായത് മികച്ച സംഘാടകനെ


മേപ്പയ്യൂര്‍: വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മരണപ്പെട്ട മേപ്പയ്യൂര്‍ ജനകീയമുക്ക് വടക്കെ പറമ്പില്‍ അഭിന്റെ വിയോഗത്തോടെ നാടിന് നഷ്ടമായത് നിരവധി വിദ്യാര്‍ഥി സമരങ്ങളില്‍ നേതൃനിരയിലുണ്ടായിരുന്ന മികച്ച സംഘാടകനെ. സ്‌കൂള്‍ കാലം മുതലേ എസ്.എഫ്.ഐയുടെ നേതൃരംഗത്ത് പ്രവര്‍ത്തിച്ച അഭിന്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്.

മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കെ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ എസ്.എഫ്.ഐ നയിച്ച സമരങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നയാളാണ് അഭിന്‍. പ്ലസ് ടു കാലത്തും എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു.

എസ്.എഫ്.ഐ മേപ്പയ്യൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, എസ്.എഫ്.ഐ ജനകീയ മുക്ക് യൂണിറ്റ് സെക്രട്ടറി, എസ്.എഫ്.ഐയുടെ പേരാമ്പ്ര ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ അഭിന്‍ പ്രവര്‍ത്തിച്ചിരുന്നു. സി.പി.എം പ്രവര്‍ത്തകയായ അഭിന്റെ അമ്മ ശ്രീജ നിലവില്‍ ജനകീയമുക്കില്‍ നിന്നുള്ള പഞ്ചായത്ത് മെമ്പറാണ്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് വീടിന്റെ കോണിപ്പടിയില്‍ നിന്നും അഭിന്‍ താഴേക്കു വീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അച്ഛന്‍: ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: അജിന്ദ്, അജിന്ദ്യ, അജില്‍. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടുവളപ്പില്‍ നടക്കും.

summary: A great organizer was lost with the passing away of Abhin, a native of Janakiyamuk, who died after falling down the stairs