കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി കോഴിക്കോട് സ്വദേശിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍


കോഴിക്കോട്: വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയ മൂന്ന് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശി ജംഷീര്‍ എടപ്പാടന്‍, കോഴിക്കോട് സ്വദേശി അബ്ദുള്‍ സാമില്‍(26) ബുഷ്റ(38) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 3.06 കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

വിപണിയില്‍ 1.36 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് പറഞ്ഞു. ഇതിനുപുറമേ ജിദ്ദയില്‍നിന്നെത്തിയ വിമാനത്തിന്റെ സീറ്റിനടിയില്‍നിന്ന് 932 ഗ്രാം തൂക്കമുള്ള എട്ട് സ്വര്‍ണബിസ്‌ക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് മൂന്ന് യാത്രക്കാരും സ്വര്‍ണവുമായി പിടിയിലായത്. ജിദ്ദയില്‍നിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ ജംഷീറില്‍നിന്ന് 1054 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ജിദ്ദയില്‍നിന്ന് നാല് കുട്ടികളുമായാണ് ബുഷ്റ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഇവരുടെ അടിവസ്ത്രത്തിലാണ് 1077 ഗ്രാം സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്. യുവതി ധരിച്ചിരുന്ന 249 ഗ്രാം സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ അബ്ദുള്‍ സാമിലില്‍നിന്ന് 679 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മൂന്ന് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നും കസ്റ്റംസ് അറിയിച്ചു.

summary: Three people, including a native of Kozhikode, were arrested after trying to smuggle gold hidden in their underwear at Karipoor airport