ആളിപ്പടര്‍ന്ന് തീ, കുറ്റ്യാടിയില്‍ മാലിന്യം സംഭരിച്ച കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം; പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു
കുറ്റ്യാടി: കുറ്റ്യാടിയില്‍ ഗ്രാമപ്പഞ്ചായത്ത് മാലിന്യം ശേഖരിച്ചു വെച്ചിരുന്ന കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം. തിങ്കളാഴ്ച്ച രാത്രി പത്ത്മണിയോടെയായിരുന്നു സംഭവം. വയനാട് റോഡിലെ കൊതങ്കൊട്ടുമ്മലില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെകിടന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.
ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മാസങ്ങളായി ശേഖരിച്ച ടണ്‍കണക്കിന് മാലിന്യം ഇവിടെ സൂക്ഷിക്കപ്പെട്ടിരുന്നു. ഇവയ്ക്കാണ് തീപ്പിടിച്ചത്.
വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ജനകീയ ദുരന്തനിവാരണസേനാ പ്രവര്‍ത്തകരും കുറ്റ്യാടി പോലീസും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സമീപത്ത് കിണറുകള്‍ ഇല്ലാത്തതിനാല്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതാണ് പ്രയാസമായത്.
നാദാപുരത്തുനിന്നും അഗ്നിരക്ഷാസേന എത്തി രാത്രി ഒരുമണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.