കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി ചളിക്കുളമായി റോഡ്; പെരുവട്ടൂരില്‍ റോഡില്‍ അപായസൂചനയായി വാഴത്തട വെച്ച് യുവാക്കള്‍
കൊയിലാണ്ടി: പെരുവട്ടൂര്‍ മുത്താമ്പി റോഡില്‍ കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി റോഡ് അപകടാവസ്ഥയില്‍. പെരുവട്ടൂര്‍ പോസ്റ്റ് ഓഫീസിന് മുന്‍വശത്താണ് സംഭവം. റോഡില്‍ വെള്ളം കെട്ടിനിന്ന് അപകടാവസ്ഥയിലായതിനാല്‍ പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന് അപായ സൂചനയായി റോഡില്‍ വാഴത്തട വെച്ചു.
ആറുമാസത്തോളമായി സ്ഥിതി ഇങ്ങനെയാണ്. വെള്ളംകെട്ടി നിന്ന് റോഡില്‍ കുഴി രൂപപ്പെട്ടതിനാല്‍ നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കുഴിയില്‍ അകപ്പെട്ടും കുഴി വെട്ടിച്ച് പോകുമ്പോള്‍ മറുവശത്ത്‌നിന്നും വരുന്ന വാഹനങ്ങളെ ഇടിച്ചുമാണ് സ്ഥിരം അപകടം ഉണ്ടാവാറ്.
നിരവധി തവണ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്ഥല സന്ദര്‍ശിച്ചതാല്ലാതെ വേണ്ട നപടികള്‍ ഇതുവരെയും എടുത്തിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയും രണ്ട് ബൈക്കുകള്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാരായ രജ്ഞിത്ത്, പ്രജീഷ്, രാഗേഷ്, സുമേഷ് എന്നീ യുവാക്കള്‍ ചേര്‍ന്ന് റോഡില്‍ അപായസൂചനയായി വാഴത്തട വെച്ചത്. മഴക്കാലമാവുന്നതിന് മുന്‍പെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.