”വിസ്മയം 2024”, നിറങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് കുഞ്ഞുകൈകള്‍; കൊയിലാണ്ടിയില്‍ സൈനികരുടെ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ച് ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ്


കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ സൈനികരുടെയും അര്‍ദ്ധസൈനികരുടെയും കൂട്ടായമയായ ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റിന്റെ നേതൃത്വത്തില്‍ സൈനികരുടെ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വിസ്മയം 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള കുട്ടികള്‍ പങ്കെടുത്തു.

വേനലവധി ആഘോഷിക്കുന്ന കുട്ടികളുടെ വിരസത മാറ്റാനും ടെലിവിഷന്റെയും മൊബൈലിന്റെയും ചട്ടക്കൂട്ടില്‍ നിന്നും ഇടവേള നല്‍കി കൊണ്ടൊരു സൗഹൃദവേദി ഒരുക്കുക എന്ന ഉദ്ദേശത്തോടെ കൂടിയാണ് പരിപാടി നടത്തിയത്. തിരുവങ്ങൂര്‍ എച്ച്.എച്ച്.എസ്സില്‍ വെച്ച് സംഘടിപ്പിച്ച വിസ്മയം 2024 എന്ന പരിപാടി പ്രശസ്ത ചലച്ചിത്ര നാടക സംവിധായകനും മജിഷ്യനും, ചിത്രകലാധ്യാപകനുമായ തേജസ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ചിത്രകലാധ്യാപകനായ ഷനോദ് കുമാര്‍, അനശ്വര ചിത്രകല അക്കാദമി, കുട്ടികളുടെ ചിത്രരചനയുടെ വിധികര്‍ത്താവായി. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ 2023-24 അധ്യയന വര്‍ഷത്തില്‍എല്‍.എസ്.എസ്, യു.എസ്.എസ് പ്ലസ്ടു ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയ സൈനികരുടെ കുട്ടികളെ ഇതേ വേദിയില്‍ വച് അനുമോദിച്ചു.


അഭിലാഷ് പെരുവയല്‍, രമേശ് കുമാര്‍ എം.ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് സെക്രട്ടറി ശരത് പുറക്കാട്ടിരി സ്വാഗതം പറഞ്ഞ ചടങ്ങില്‍, വൈസ് പ്രസിഡന്റുമാരായ അനില്‍ കുമാര്‍ ഒ,കെ, സത്യബാബു കെ.കെ, ജോയിന്‍ സെക്രട്ടറി ഷിജിത് ഉള്ളിയേരി, തിരുവങ്ങൂര്‍ സ്‌കൂള്‍ എച്ച്.എം വിജിത ടീച്ചര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ മീത്തല്‍ അജയകുമാര്‍, ഷാജീ വൃന്ദാവന്‍, പ്രമോദ് അയനിക്കാട്, ബിനീഷ് എന്‍.ഐ.ടി സുനില്‍ കുമാര്‍ മെമ്പര്‍മാരായ ഷൈജു ഊരള്ളൂര്‍ രഞ്ജിത്ത് കെ.വി, തുടങ്ങിയവര്‍ സംസാരിച്ചു.