മൂരാട്, പെരിങ്ങോട് ഭാ​ഗങ്ങളിലെ തെരുവുനായ ആക്രമണം; നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു


പയ്യോളി: മൂരാട്, പെരിങ്ങാട് പ്രദേശങ്ങളിൽ എട്ട് വയസുള്ള കുട്ടിയടക്കം നാല് പേരെ കടിച്ച് പരിക്കേൽപിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയെ ഇന്ന് കണ്ണൂർ ജില്ലാ ഗവ. മൃഗാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുകയായിരുന്നു. അവിടെ നിന്നാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ വെെകീട്ടാണ് നാടിനെയാകെ ഭീതിയിലാഴ്ത്തി തെരുവുനായ ആക്രമണം ഉണ്ടാകുന്നത്. നായയുടെ ആക്രമണത്തിൽ എട്ടു വയസ്സുകാരി ആഷ്മിക, കീഴനാരി മൈഥിലി, ശ്രീരേഷ് ഒഴിവയലിൽ, ബാലകൃഷ്ണൻ എന്നിവർക്ക് കടിയേറ്റു. ഇവർ വടകര ജില്ലാ ഗവ. ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലും ചികിത്സ തേടി.

നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയതായി ന​ഗരസഭാ കൗൺസിലർ കെ കെ സ്മിതേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നായയുടെ കടിയേറ്റവരുമായി സമ്പർക്കത്തിലായവർ ഉൾപ്പെടെയുള്ളവരോട് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.