ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നത് ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം; ഇതേക്കുറിച്ച് വിശദമായി അറിയാം
സോഡിയം ഒരു മൂലകം മാത്രമല്ല, മനുഷ്യ ശരീരത്തിന് ഒരു പ്രധാന ഘടകമാണ്. രക്തസമ്മര്‍ദ്ദം, നാഡികളുടെ പ്രവര്‍ത്തനങ്ങള്‍, പേശികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇത് കൈകാര്യം ചെയ്യുന്നു. അതിനാല്‍ തന്നെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് ശരിയായ രീതിയില്‍ നിയന്ത്രിക്കുക എന്നത് അതി പ്രധാന കാര്യമാണ്. ശരീരത്തില്‍ സോഡിയത്തിന്റെ നില 135 മുതല്‍ 145 (mEq/L) വരെ ആണ് അഭികാമ്യം.
സോഡിയം അനിവാര്യ ഘടകം
രക്തസമ്മര്‍ദം കുറയാതെ നിലനിര്‍ത്താനും തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും സോഡിയം അനിവാര്യമാണ്. കൂടാതെ നാഡികളിലൂടെയുള്ള സംവേദനങ്ങളുടെ നിയന്ത്രണത്തിനും എല്ലുകളുടെ ആരോഗ്യത്തിനും സോഡിയം കൂടിയേ തീരൂ. രക്തത്തില്‍ സോഡിയത്തിന്റ അളവ് കുറയുന്നത് ഹൈപ്പോനൈട്രീമിയ എന്ന അവസ്ഥക്ക് കാരണമാകാറുണ്ട്. സോഡിയത്തിന്റെ അളവ് 135 mEq/L ല്‍ കുറയുമ്പോഴാണ് ഹൈപ്പോനൈട്രീമിയ ഉണ്ടാകുന്നത്.
സോഡിയം കുറയല്‍, കാരണങ്ങള്‍ നിരവധി
പക്ഷാഘാതത്തെയും മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നുമെല്ലാം രോഗിയുടെ സംസാരത്തിലും ബോധനിലവാരത്തിലും പുരോഗതിയുണ്ടാകാത്തതിന് പ്രധാന കാരണം സോഡിയം കുറയലാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെയും അഡ്രിനല്‍ ഗ്രന്ഥിയുടെയും പ്രവര്‍ത്തനക്കുറവ് സോഡിയം കുറയാനിടയാക്കും.
തുടര്‍ച്ചയായുള്ള ഛര്‍ദിയും വയറിളക്കവും ജലനഷ്ടത്തോടൊപ്പം സോഡിയം ഉള്‍പ്പെടെയുള്ള ലവണ നഷ്ടങ്ങള്‍ക്കും ഇടയാക്കും. കരള്‍ വീക്കം, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ എന്നിവ മറ്റു സങ്കീര്‍ണതകള്‍ക്കൊപ്പം സോഡിയത്തിന്റെ അളവും കുറക്കും.
ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് തീരെ കുറയുന്നതും സോഡിയത്തിന്റെ അളവ് കുറക്കാറുണ്ട്. ചിലയിനം മരുന്നുകള്‍ പ്രധാനമായും രക്തസമ്മര്‍ദം കുറക്കുന്ന മരുന്നുകളും സോഡിയം കുറക്കാറുണ്ട്. പ്രായമായവരില്‍ ഇത് കൂടുതലാണ്. ശ്വാസകോശം, പാന്‍ക്രിയാസ്, മസ്തിഷ്‌കം തുടങ്ങിയവയെ ബാധിക്കുന്ന അര്‍ബുദവും സോഡിയം കുറക്കാറുണ്ട്.
പല രോഗാവസ്ഥകളുമായി ബന്ധപ്പെട്ടു ശരീരത്തില്‍ നീര് ഉണ്ടാകുന്നവരിലും സോഡിയം കുറയാറുണ്ട്. ദീര്‍ഘനാളായി കിടപ്പിലായ രോഗികളിലും സോഡിയത്തിന്റെ അളവ് കുറയാറുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യംമൂലം മൂത്രത്തില്‍ക്കൂടി സോഡിയം നഷ്ടപ്പെടുന്നതാണ് ഇതിന് കാരണമാകുന്നത്.
പ്രധാന ലക്ഷണങ്ങള്‍
തലവേദന
ഛര്‍ദി
സ്വബോധമില്ലാത്ത അവസ്ഥ
ഓര്‍മക്കുറവ്
ക്ഷീണം
തളര്‍ച്ച
അപസ്മാരം
സോഡിയം കുറയുന്നത് മസ്തിഷ്‌ക കോശങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. മസ്തിഷ്‌കത്തില്‍ നീര്, മസ്തിഷ്‌ക മരണം എന്നിവ സംഭവിക്കാനും സാധ്യതയുണ്ട്. ശ്വാസതടസ്സം, ഹൃദയവീക്കം എന്നിവയുമുണ്ടാകാം. സോഡിയത്തിന്റെ അളവ് 115ല്‍ താഴുമ്പോള്‍ അപസ്മാര ലക്ഷണങ്ങള്‍ ഉണ്ടാകുന്നു.
പരിഹാരങ്ങള്‍
ചികിത്സകൊണ്ട് പെട്ടെന്ന് പരിഹാരം കാണാനാകുമെങ്കിലും സോഡിയം കുറയുന്ന അവസ്ഥ പലപ്പോഴും വൈകിയാണ് കണ്ടെത്തുക. സോഡിയത്തിന്റെ അളവ് വിലയിരുത്തുന്നതോടൊപ്പം തൈറോയ്ഡ്, വൃക്ക, കരള്‍ എന്നിവയുടെ പ്രവര്‍ത്തനവും പരിശോധിക്കേണ്ടതുണ്ട്. രോഗിയുടെ പ്രായം, ആരോഗ്യനില ഇവയും പ്രധാനമാണ്.
കാരണത്തിനനുസരിച്ചുള്ള ചികിത്സകള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചെറിയ തോതിലുള്ള സോഡിയത്തിന്റെ കുറവ് ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ പരിഹരിക്കാനാകും. കറിയുപ്പിലൂടെയാണ് ശരീരത്തിനാവശ്യമുള്ള സോഡിയത്തിന്റെ മുഖ്യ പങ്കും ലഭ്യമാകുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* കായികാധ്വാനം ഉള്ളവരും വേനല്‍ക്കാലത്ത് പുറം പണി ചെയ്യുന്നവരും ഉപ്പ് ചേര്‍ത്ത ശുദ്ധജലം ധാരാളം കുടിക്കുന്നത് സോഡിയം ഉള്‍പ്പെടെയുള്ള ലവണ നഷ്ടം കുറക്കാന്‍ സഹായിക്കും.
* ശരീരത്തില്‍ നീര് വരുന്ന സാഹചര്യങ്ങളില്‍ ഉപ്പ് കുറക്കണം.
* ഛര്‍ദി-അതിസാരം ഉള്ളപ്പോള്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത ലായനി ഇടക്കിടക്ക് കുടിക്കേണ്ടതാണ്.
* കിടപ്പു രോഗികള്‍ക്ക് കുടിക്കാന്‍ നല്‍കുന്ന വെള്ളം മൂത്രത്തിലൂടെ പുറത്തുപോകുന്നതിനെക്കാള്‍ കുറവായിരിക്കാന്‍ ശ്രദ്ധിക്കണം.
*ലളിതമായ രക്തപരിശോധനയിലൂടെ പെട്ടെന്ന് കണ്ടുപിടിക്കാനും ശരിയായി ചികിത്സിച്ചാല്‍ പെട്ടെന്ന് ഭേദമാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും പറ്റുന്ന അവസ്ഥയായതുകൊണ്ട്, സംശയം തോന്നിയാല്‍ സ്വയം ചികിത്സിക്കാതെ വിദഗ്ധ ഡോക്ടറുടെ പരിചരണം തേടണം.