മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടയുന്നത് ഇതാദ്യമായല്ല, ഒരു പതിറ്റാണ്ട് മുമ്പ് ആ ദിവസം ആനയെ ഭയന്ന് തള്ളിനീക്കിയത് 12 മണിക്കൂറിലേറെ- ബൈജു എംപീസ് പകര്‍ത്തിയ ചിത്രങ്ങളിലൂടെ
ഫോട്ടോ: ബൈജു എംപീസ്
ഇന്നലെ വെടിക്കെട്ടായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെങ്കില്‍ അന്ന് പാപ്പാന്റെ മര്‍ദ്ദനമായിരുന്നു ആനയ്ക്ക് പ്രകോപനമായത്. എഴുന്നളളത്ത് കഴിഞ്ഞെത്തിയ ആനയെ പാപ്പാന്‍ എന്തോ കാരണത്താല്‍ ഉപദ്രവിച്ചു. അതുകഴിഞ്ഞ് കെട്ടഴിച്ച് മറ്റെന്തോ ആവശ്യത്തിന് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുംവഴി ബാലുശ്ശേരി വിഷ്ണു ഒപ്പമുണ്ടായിരുന്ന മറ്റൊരു ആനയെ കുത്തി. ഇതോടെ ആ ആന വിരണ്ട് പന്തലായനി ഭാഗത്തേക്ക് ഓടി. പിന്നാലെ വിഷ്ണുവും.. കുറച്ചധികം ദൂരം പോയി ആനയെ കാണാതായതോടെയാണ് വിഷ്ണു മടങ്ങി സുന്ദരന്‍ മാസ്റ്ററുടെ വീട്ടുപറമ്പിലെത്തിയത്. രാത്രി പതിനൊന്ന് മണി ആയിക്കാണും.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ രണ്ടെണ്ണം തള്ളിയിട്ടു, ഒന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് വിശന്നതുകൊണ്ടാവണം, പറമ്പിലേക്ക് കയറി 30 വാഴകള്‍ തകര്‍ത്തു, ചിലത് ഭക്ഷിച്ചു, പിന്നാലെ പത്ത് കവുങ്ങളും വലിച്ച് നിലത്തിട്ട് ചീന്താന്‍ തുടങ്ങി. ഇതിനിടെ നിലത്തുവീണ ബൈക്കുകള്‍ പാപ്പാന്‍മാര്‍ തിരികെ എടുത്തുവെച്ചിരുന്നു. ഇത് കണ്ടതോടെ ആന രണ്ട് വണ്ടികളും ചുഴറ്റി സമീപത്തേക്കെറിഞ്ഞു. കിളച്ചിട്ട മണ്ണിലാണ് ചെന്ന് വീണത്. തവിടുപൊടിയായില്ലെങ്കിലും കുറേകേടുപാടുകള്‍ പറ്റി. വീടിന്റെ ചുറ്റുമുള്ള ജനലുകള്‍ ആകെ തകര്‍ത്തു.
ആന വീടിന്റെ തെക്ക് ഭാഗത്ത് നില്‍ക്കുമ്പോള്‍ പാപ്പാന്‍മാര്‍ എതിര്‍വശത്ത് നിന്ന് ലൈറ്റടിക്കുന്നത് കാണുമ്പോള്‍ ഓടി ആ ഭാഗത്തേക്ക് വരും. അവരെ കാണാതാകുന്നതോടെ അവിടെ തന്നെ നില്‍ക്കും. കുറച്ച് സമയം കഴിഞ്ഞ് എതിര്‍ഭാഗത്ത് നിന്ന് വെളിച്ചം കാണുമ്പോള്‍ അങ്ങോട്ടേക്ക് ഓടും. അങ്ങനെ പുലര്‍ച്ചെ വരെ ആ പറമ്പില്‍ തന്നെ. ഇതിനിടെ പാപ്പാന്‍മാര്‍ തോറ്റ് പിന്മാറിയിരുന്നു. തൃശൂരില്‍ നിന്നുള്ള സംഘമെത്തിയാലേ ആനയെ തളയ്ക്കാവൂവെന്ന നിലയിലായിരുന്നു കാര്യങ്ങള്‍.
പുലര്‍ച്ചെ അഭ്രമോളി കനാലിന്റെ ഭാഗത്തേക്ക് ആന കുതിച്ചു. ഈ ഭാഗത്ത് നൂറുകണക്കിന് ആളുകള്‍ ആനയുടെ ഈ കളികള്‍ കണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. പരിഭ്രമിച്ച് അവരെല്ലാം നിലവിളിച്ചതോടെ ഭയന്നാവണം, ആന തിരികെ സുന്ദര്‍മാസ്റ്ററുടെ പറമ്പിലേക്ക് തന്നെ വന്ന് മുറ്റത്തുണ്ടായിരുന്ന തെങ്ങ് പിഴുതെടുത്ത്. അന്ന് സമീപത്തെ കവുങ്ങില്‍ വീണ് രണ്ട് മരങ്ങളും നിലം പതിച്ചു. വീടിന്റെ പിറകിലുണ്ടായിരുന്ന വിറകുപുര തകര്‍ത്തു, അതിന്റെ ഷീറ്റ് ദേഹത്ത് വീണ് ആനയ്ക്കും മുറിവേറ്റിരുന്നു.
രാവിലെ പത്തുമണിയോടെയാണ് തൃശൂരില്‍ നിന്നുളള സംഘമെത്തിയത്. ഇതിനിടെ ആനയുടെ ശ്രദ്ധമാറിയ സാഹചര്യം മുതലെടുത്ത് സുന്ദരന്‍മാസ്റ്ററും കുടുംബവും വീട്ടിലുള്ള കുട്ടികളെയടക്കം പിന്‍വാതിലിലൂടെ പുറത്തേക്ക് മാറ്റിയിരുന്നു. തൃശൂരില്‍ നിന്നുളള സംഘത്തിന് വീട്ടിനുള്ളിലേക്ക് കയറാന്‍ സൗകര്യം ചെയ്തുകൊടുക്കുകയും അവര്‍ ആദ്യ റൗണ്ട് മയക്കുവെടി വെയ്ക്കുകയും ചെയ്തു. എന്നാല്‍ ആനയ്ക്കത് ഏറ്റില്ല. ആന വീടിന് ചുറ്റുമുണ്ടായിരുന്ന കരിങ്കല്‍ക്കെട്ടിന്റെ ഒരു ഭാഗം തകര്‍ത്ത് ഏറെ ദൂരം ഓടി. മയക്കുവെടി സംഘവും പിന്നാലെ പോയി. ഒടുവില്‍ ഏറെ പണിപ്പെട്ട് മയക്കുവെടിവെച്ച് തളയ്ക്കുകയായിരുന്നു.
അന്ന് 12 മണിക്കൂറോളം ആന ഭീതിവിതച്ചെങ്കിലും ആളുകളെ ഉപദ്രവിക്കുകയൊ ജീവഹാനിയ്ക്ക് കാരണമാകുകയോ ചെയ്തിരുന്നില്ല. ആഘോഷങ്ങള്‍ കഴിഞ്ഞശേഷമായതിനാല്‍ ക്ഷേത്രപരിസത്ത് അധികം ആളുകളുമുണ്ടായിരുന്നില്ല. പിന്നീട് ആനയിടഞ്ഞതറിഞ്ഞ് ആളുകള്‍ കുറച്ചകലെയുള്ള വീടുകള്‍ക്ക് മുകളിലും മറ്റും കാഴ്ചക്കാരായി നിലയുറപ്പിക്കുകയാണുണ്ടായത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഭീതിതമായ ദിനംകൂടി മണക്കുളങ്ങര ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ സംഭവിച്ചപ്പോള്‍ നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണ്. ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതില്‍ നിന്നെങ്കിലും പാഠംപഠിക്കേണ്ടതുണ്ട്.