നഗരഹൃദയത്തില്‍ ഇനി സായാഹ്നങ്ങള്‍ ആസ്വദിക്കാന്‍ കൂടുതല്‍ സൗകര്യം; സാംസ്‌ക്കാരിക പാര്‍ക്കിന്റെ ഉദ്ഘാടനം ജനുവരി 14 ന്


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ യു.എ ഖാദറിന്റെ പേരില്‍ രൂപകല്പന ചെയ്ത സാംസ്‌ക്കാരിക പാര്‍ക്ക് ജനുവരി 14 ന് തുറക്കും. 14 ന് വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ കലാ- സാംസ്‌ക്കാരികപ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

നഗരഹൃദയത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡിന്റെ തെക്ക് ഭാഗത്തായുള്ള പാര്‍ക്കില്‍ ഇരുന്നൂറ് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ചെറിയ പ്ലാറ്റുഫോമും അടങ്ങിയതാണ് പാര്‍ക്ക്. പുതിയ സാംസ്‌കാരിക പാര്‍ക്ക് യാഥാര്‍ത്ഥ്യമായതോടെ കലാപ്രവര്‍ത്തര്‍ക്ക് വന്നു ചേരാനും തിരികെ പോകാനും ഏറെ സൗകര്യപ്രദമാണ്.

പുതിയ ബസ്സ് സ്റ്റാന്റിന്റെ മുന്‍വശത്തായിരുന്നു ഇതുവരെ ചെറിയ കലാപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയിരുന്നത്. കലാസാംസ്‌കാരികപരിപാടികള്‍ക്ക് ഇടമില്ലാത്തത് വലിയ വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതോടെ സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും ഒത്തുകൂടാനും വലിയ സൗകര്യമാണ് ഒരുങ്ങുന്നത്. ‘നഗരത്തെ സൗന്ദര്യവല്ക്കരിക്കുന്നതിന്റെ ഭാഗമായി ഇനിയും ഇത്തരം സൗകര്യമൊരുക്കുന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധകിഴക്കെപ്പാട്ടും വൈസ്‌ചെയര്‍മാന്‍ അഡ്വ കെ സത്യനും പറഞ്ഞു.