വിവാഹം കഴിഞ്ഞത് ആറ് മാസം മുമ്പ്; ഫറോക്ക് പാലത്തിൽ നിന്ന് ചാലിയാർ പുഴയിലേക്ക് ചാടി ദമ്പതികൾ


ഫറോക്ക്: ഫറോക്ക് പാലത്തിൽനിന്നു ചാലിയാർ പുഴയിലേക്ക് ചാടി ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. യുവതിയെ രക്ഷപ്പെടുത്തി. ജിതിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം.

ഇരുവരും പാലത്തിൽനിന്ന് ചാടുന്നത് കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി ഇട്ടുകൊടുത്ത കയറിൽ പിടിച്ചാണ് വർഷ രക്ഷപെട്ടത്. വര്‍ഷ കയറില്‍ പിടിച്ചപ്പോള്‍ തോണിക്കാര്‍ അടുത്ത് വന്നു യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. വർഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അതേസമയം എല്ലാവരും നോക്കിനിൽക്കെ ജിതിൻ മുങ്ങിത്താഴുകയായിരുന്നു. കോസ്റ്റൽ പോലീസും ഫയർഫോഴ്സും ജിതിനായുള്ള തിരച്ചിൽ തുടരുകയാണ്.

ആറുമാസം മുമ്പായിരുന്നു ഇരുവരുടേയും രജിസ്റ്റർ വിവാഹം കഴിഞ്ഞത്. കുടുംബപ്രശ്നത്തെ തുടർന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കൾ അറിയിച്ചതായി പോലീസ് പറയുന്നു. എങ്ങനെയാണ് ഫറോക്കിലെത്തിയതെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.