ഹരിത കേരള മിഷനും തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്നൊരു സമഗ്ര വികസന പദ്ധതി; നീരുറവ് സംരക്ഷണം ജനകീയമാക്കാനൊരുങ്ങി തിക്കോടി
തിക്കോടി: മണ്ണ് ജല സംരക്ഷണത്തിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച നീരുറവ് നീര്‍ത്തട പദ്ധതി ജനകീയമാക്കാനൊരുങ്ങി തിക്കോടി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ നീര്‍ത്തട നടത്തമുള്‍പ്പെടെ വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചു നടപ്പാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ സമഗ്ര നീര്‍ത്തട വികസന പദ്ധതി നടപ്പാക്കുക.
തിക്കോടി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ മൂന്ന് നീര്‍ത്തടങ്ങളാണ് ഉള്ളത്. ഈ നീര്‍ത്തടങ്ങള്‍ നീരുറവ് പദ്ധതിയിലൂടെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ നീര്‍ത്തട ശൃംഖലകള്‍ കണ്ടെത്തി ഓരോ നീര്‍ത്തടങ്ങളിലും അവയുടെ വൃഷ്ടി പ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതിയാണിത്. ഹരിത കേരള മിഷനും, തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.
മണ്ണ് ജല സംരക്ഷണത്തിനൊപ്പം ജൈവസമ്പത്ത് വര്‍ദ്ധിപ്പിച്ച് കാര്‍ഷികാഭിവൃദ്ധിയും ജനങ്ങളുടെ ഉപജീവന സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തോടിന്റെ നീരൊഴുക്ക് സാധ്യമാക്കുന്ന പ്രവര്‍ത്തനം, മലിനീകരണം തടയല്‍, പ്രദേശത്തെ വീടുകളിലെ കിണര്‍ റീച്ചാര്‍ജിംഗ്, മാലിന്യ സംസ്കരണം, ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കല്‍ തുടങ്ങിയവയും നീരുറവിലൂടെ യാഥാര്‍ത്ഥ്യമാകും. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നീരുറവ് പദ്ധതി നടപ്പാക്കുന്നത്.
നീര്ത്തടങ്ങളെകുറിച്ചു കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച നീര്‍ത്തട നടത്തം വന്‍ വിജയമായി. തിക്കോടി ആവിക്കല്‍ നീര്‍ത്തടത്തിലൂടെ നടന്ന നടത്തം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രാമചന്ദ്രന് കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ മാരായ പ്രനില സത്യന്, കെ.പി.ഷക്കീല വാര്‍ഡ് മെമ്പര്‍മാരായ എന്‍.എം.ടി.അബ്ദുള്ളക്കുട്ടി, ഷീബ പുല്‍പ്പാണ്ടി, ജിഷ കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ രഞ്ജിത്ത്, തൊഴിലുറപ്പ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ സ്വീറ്റി ആര്.ചന്ദ്രന്, ഓവര്‍സിയര്‍മാരായ നിധിന് പൂഴിയില്‍, ശ്രേയചന്ദ്രന്, സി.ഡി.എസ്. ചെയര്‍പേര്‍സണ്‍ പി.കെ.പുഷ്പ എന്നിവര്‍ നേതൃത്വം കൊടുത്തു.