കൊലപാതകവും കവർച്ചയുമടക്കം ഒമ്പത് വകുപ്പുകൾ; നൊച്ചാട് സ്വദേശിനി അനു കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു, മുജീബ് റഹ്‌മാന്റെ ഭാര്യ രണ്ടാം പ്രതി
പേരാമ്പ്ര: നൊച്ചാട് സ്വദേശിനി അനു കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പേരാമ്പ്ര പൊലീസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രതി മുജീബ് റഹ്മാന് എതിരെ കൊലപാതകവും കവർച്ചയുമടക്കം ഒമ്പത് വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 5000 പേജുള്ള കുറ്റപത്രം പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് സമർപ്പിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീനയാണ് കേസിൽ രണ്ടാം പ്രതി.
മാര്‍ച്ച് 11നാണ് അനു കൊല്ലപ്പെട്ടത്. വാളൂരിലെ വീട്ടില്‍ നിന്ന് പോയ അനുവിനെ പ്രതി ബൈക്കില്‍ ലിഫ്റ്റ് നല്‍കി വാളൂരിലെ തോട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്നയായാണ് മൃതദേഹം കിടന്നത്. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ബൈക്ക് മട്ടന്നൂര്‍ ഉള്ള ഒരാളുടേതാണെന്നും മോഷ്ടിച്ചതാണെന്ന് മനസ്സിലാക്കുകയായിരുന്നു. ഒരു സ്ഥലത്തും ഹെല്‍മറ്റ് അഴിക്കാതെ സിസിടിവി ക്യാമറകളില്‍ മുഖം വ്യക്തമാക്കാതെയായിരുന്നു പ്രതി സഞ്ചരിച്ചത്. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ അങ്ങാടിക്ക് അടുത്ത് ബൈക്കും ഹെല്‍മറ്റും ജാക്കറ്റും ഉപേക്ഷിച്ച് കൊണ്ടോട്ടിയിലെ വീട്ടില്‍ മുജീബ് തിരിച്ചെത്തുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ക്യാമറകളുടെയും സഹായത്തോടെ വീട്ടിലെത്തിയ അന്വേഷണ സംഘം പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതി മുജീബ് ബലാത്സംഗം അടക്കം അറുപതോളം കേസുകളില്‍ പ്രതിയാണ്. കുറ്റകൃത്യം നടത്തിയ സമയത്ത് മുജീബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.