വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വ്യാജമെന്ന് പൊലീസ്; യൂത്ത് ലീഗ് നേതാവിനെതിരെ തെളിവില്ല


വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതരിരെ ‘കാഫിര്‍’ പ്രയോഗം നടത്തിയെന്ന പരാതിയില്‍ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ.കാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ്. ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ടിലുള്ള തരത്തിലുള്ള കുറിപ്പ് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും കാസിമിന്റെ ഫോണില്‍ നിന്നല്ലെന്നും വടകര എസ്.എച്ച്.ഒ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക് പ്രൊഫൈലുകളിലാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും അറിയിച്ചു. കേസില്‍ ഫേസ്ബുക്ക് നോഡല്‍ ഓഫീസറെ രണ്ടാം പ്രതിയാക്കി.

ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും. സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറെ പ്രതിചേര്‍ത്തു. സിപിഎം നേതാവ് കെ.കെ.ലതികയുടെ ഫോണ്‍ പരിശോധിച്ച് മഹ്‌സര്‍ തയ്യാറാക്കിയിട്ടുണ്ട്. കേസില്‍ 12 പേരുടെ മൊഴി രേഖപ്പെടുത്തിയതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാദ വാട്‌സ്ആപ് സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ലീഗ് പ്രവര്‍ത്തകന്‍ കാസിം സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ഇത് പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് ഖാസിം അല്ലെന്ന് വ്യക്തമാക്കുന്നത്.