പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ച കേസ്‌; പ്രതി റിമാന്റില്‍, പൊതുമുതല്‍ നശിപ്പിച്ചതിനും സ്‌കൂട്ടര്‍ കത്തിച്ചതിനുമടക്കം രണ്ട് കേസുകള്‍


പയ്യോളി: പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ തള്ളികൊണ്ടുപോയി തീയിട്ട് നശിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പുതിയോട്ടില്‍ ഫഹദിനെ റിമാന്റ് ചെയ്തു. സ്‌കൂട്ടര്‍ കത്തിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കം രണ്ട് കേസുകളിലാണ് ഇയാള്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തിരിക്കുന്നത്. സ്‌ക്കൂട്ടര്‍ കത്തിച്ച കേസില്‍ ബി.എന്‍എ.സ് നിയമപ്രകാരം 329(3), 326 (1) എന്നീ വകുപ്പുകളും, സ്‌റ്റേഷനിലെ ഡോറിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ച കേസില്‍ പി.ഡി.പി.പി ആക്ട് പ്രകാരം 3(1) വകുപ്പുകളുമാണ് ചേര്‍ത്തിട്ടുള്ളത്.

പയ്യോളി ഐപിസി റോഡില്‍ പുതിയോട്ടില്‍ സജിത്ത് എന്നയാളുടെ സ്‌കൂട്ടര്‍ ഇന്ന് പുലര്‍ച്ച 2മണിയോടെയാണ് ഫഹദ് തീവെച്ച് കത്തിച്ചത്‌. സജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 56 വൈ 4308 നമ്പറിലുള്ള സ്‌കൂട്ടര്‍ തള്ളിക്കൊണ്ട് പോയി കതിരാറ്റില്‍ ഹൈവേ ലിങ്കിലെ റോഡരികില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു.

തീ കത്തുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ സ്ഥലത്ത് എത്തി ഇയാളെ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ വിവരം അറിയിച്ചു. സ്‌റ്റേഷനിലെത്തിച്ച പ്രതി അക്രമാസക്തനാവുകയും സ്റ്റേഷനിലെ ഗ്ലാസ് ഡോര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന്‌ അക്രമത്തില്‍ കൈയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് ഫഹദിനെതിരെ സുജിത്ത് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നാണ് വിവരം. ഫഹദ്‌ മുമ്പും നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം.

Description: A case where a scooter was destroyed by fire in Payyoli; Accused remanded