മേപ്പയ്യൂരില്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്; സംസ്ഥാനത്തിന് പുറത്ത് ഒളിവിലായിരുന്ന ഏഴ് ലീഗ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏഴ് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പുറത്തൂട്ടയില്‍ മുനവറലി, താഴത്തെ പുളിക്കൂല്‍ മുഹമ്മദ് അന്‍സീര്‍, നിലവീട്ടില്‍ ബാസിത്, കരുവാന്‍ കണ്ടി നവാസ്, താഴെ കരുവന്‍ ചേരി ഹാസില്‍, അമ്മിനാരി മുഹമ്മദ് അനീസ്, പടിഞ്ഞാറെ കമ്മന മുഹമ്മദ് റംഷാദ് എന്നിവരാണ് പിടിയിലായത്.
മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ സുനില്‍ കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവര്‍. മേപ്പയ്യൂര്‍ സി.ഐ ജംഷിദ്, എ.എസ്.ഐ ബിനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനീഷ് ടി, ഷാഫി എന്‍.എം, മുനീര്‍ ഇ.കെ, സിഞ്ചുദാസ്, ജയേഷ് എന്നിവര്‍ ഉള്‍പ്പെട്ട കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന് പുറത്ത് ഒളിവിലായിരുന്നു പ്രതികള്‍.
മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ വെച്ച് ഡിസംബര്‍ ആറിന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്നോവ കാറിലെത്തിയ സംഘം സുനിലിനെ ആക്രമിക്കുകയായിരുന്നു.
റോഡിന് എതിര്‍വശത്തായി കാര്‍ നിര്‍ത്തിയിട്ട് ആദ്യം രണ്ട് പേരാണ് സുനിലിനെ അടിച്ചത്. പിന്നാലെ മറ്റൊരു ഭാഗത്ത് നിന്നും ഒരാള്‍ ഓടിയെത്തി സുനിലിനെ ചവിട്ടി. തുടര്‍ന്നായിരുന്നു കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിവന്നത്. അവസാനം വന്നയാള്‍ കൈയില്‍ വടിവാള്‍ പോലുള്ള ആയുധവുമായാണ് സുനിലിന്റെ അടുത്തേക്ക് എത്തിയത്. പിന്നീട് എല്ലാവരും ചേര്‍ന്ന് ഇയാളെ നിലത്തിട്ട് ചവിട്ടുകയും ആയുധം വെച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. അക്രമത്തില്‍ സുനില്‍കുമാറിന് തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവത്തില്‍ മേപ്പയ്യൂര്‍ മാനകടവത്ത് അജ്നാസ്, അത്തോളിയില്‍ അന്‍സാര്‍ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാ പ്രതികളെയും റിമാന്റ് ചെയ്തു.